NEWSROOM

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ്; കേസിൽ ഒന്നേമുക്കാൽ കിലോ സ്വർണം കൂടി കണ്ടെടുത്തു

നഷ്ടപ്പെട്ട 26.24 കിലോ സ്വർണത്തിൽ നിന്ന് 5.300 കിലോഗ്രാം സ്വർണം നേരത്തെ കണ്ടെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ തട്ടിപ്പ് കേസിൽ നഷ്ടപ്പെട്ട ഒന്നേമുക്കാൽ കിലോ സ്വർണം കൂടി പൊലീസ് കണ്ടെടുത്തു. വടകര സിഐ എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ തമിഴ്നാട് തിരുപ്പൂർ കാത്തലിക് സിറിയൻ ബാങ്കിൻറെ നാല് ശാഖകളിൽ നിന്നാണ് പണയ സ്വർണം കണ്ടെടുത്തത്. പ്രതി മധാ ജയകുമാർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

സിഎസ്ബി ബാങ്കിൻ്റെ തിരുപ്പൂർ മെയിൻ ബ്രാഞ്ച്, കാങ്കേയം ബ്രാഞ്ച്, കാങ്കേയം റോഡ് ബ്രാഞ്ച്, പി എൻ റോഡ് ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് പണയ സ്വർണം അന്വേഷണസംഘം കണ്ടെത്തിയത്. നഷ്ടപ്പെട്ട 26.24 കിലോ സ്വർണത്തിൽ നിന്ന് 5.300 കിലോഗ്രാം സ്വർണം നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ പ്രതിയായ മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാർ, ബിനാമികളുടെ പേരിലാണ് സിഎസ്‌ബിയിൽ സ്വർണം പണയപ്പെടുത്തിയിരുന്നത്. പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധ ജയകുമാറിന്റെ അക്കൗണ്ടിലേക്കാണ് ഈ പണമെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.

പ്രതിക്ക് തിരുപ്പൂരിൽ സ്വർണം പണയം വെക്കാൻ സഹായം നൽകിയ കാർത്തിക് എന്നയാളെ കണ്ടെത്താൻ ഇതേവരെ കഴിഞ്ഞിട്ടില്ല. കാർത്തിക് മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പ്രതി മധ ജയകുമാർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കാർത്തിക്കിനെ പിടികൂടിയാൽ മാത്രമേ മധ ജയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയുള്ളൂ. കാർത്തിക്കിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ടെടുത്ത സ്വർണം ഇന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

SCROLL FOR NEXT