NEWSROOM

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് ഒരു മരണം; ആറ് പേർക്ക് പരുക്ക്

സംഭവത്തെ തുടർന്ന് ടെർമിനൽ ഒന്നില്‍ നിന്നുള്ള എല്ലാ പുറപ്പെടലുകളും താത്ക്കാലികമായി നിർത്തിവെച്ചു

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍- ഒന്നിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. ടാക്‌സി ഡ്രൈവര്‍ ആണ് മരിച്ചത്. എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മേല്‍ക്കൂര തകര്‍ന്ന് കാറുകള്‍ക്ക് മുകളില്‍ വീണതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു.

സുരക്ഷാ നടപടിയുമായി ബന്ധപ്പെട്ട് ടെര്‍മിനലിലെ ചെക്ക്-ഇന്‍ കൗണ്ടറുകളും അടച്ചതായി ഡല്‍ഹി എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. നിലവില്‍ ടെര്‍മിനല്‍-1ല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ മാത്രമാണുള്ളത്.

ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം ഉണ്ടായത്. ആറ് കാറുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മേലാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. പരിക്കേറ്റ ആളുകള്‍ക്ക് എല്ലാ ചികിത്സ സഹായവും നല്‍കുമെന്ന് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ പെയ്യുകയാണ്. കൊടും ചൂടിന് ആശ്വാസം നല്‍കി പെയ്ത മഴയില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടിലാക്കി. നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ വൈകിട്ട് 5:30 വരെ 5.2 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.

SCROLL FOR NEXT