മുണ്ടക്കൈ-ചൂരൽമല മണ്ണിടിച്ചിൽ 
NEWSROOM

നൂറിലേറെ ആളുകൾ  ഇന്നും കാണാമറയത്ത്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ നടന്നിട്ട് ഒരുമാസം

താൽക്കാലിക പുനരധിവാസം പൂർത്തിയാകുമ്പോൾ ടൗൺഷിപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദുരിതബാധിതർ

Author : ന്യൂസ് ഡെസ്ക്

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായ മുണ്ടക്കൈ-ചൂരൽമല മണ്ണിടിച്ചിൽ നടന്നിട്ട് ഇന്നേക്ക് ഒരു മാസം. മുണ്ടക്കൈയിലും ചൂരൽമലയിലും നാടൊന്നിച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തിന് ശേഷം വയനാട് കരകയറുകയാണ്. താൽക്കാലിക പുനരധിവാസം പൂർത്തിയാകുമ്പോൾ ടൗൺഷിപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദുരിത ബാധിതർ.

സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനുകളാണ് ഉരുൾപൊട്ടലിൽ പൊലിഞ്ഞത്. 130 ലേറെ ആളുകൾ  ഇന്നും കാണാമറയത്താണ്. ഉറ്റവരുടെയും ഉടയവരെയും നഷ്ടപ്പെടുത്തിയ മഹാദുരന്തത്തിൻ്റെ നടുക്കം ഇന്നും അവരെ വിട്ടുമാറിയിട്ടില്ല. ജൂലൈ 30 ന് കേരളക്കര ഉണർന്നത് ഒരു നാടിനെയാകെ മൂടിയ മഹാദുരന്തത്തിൻ്റെ വാർത്ത കേട്ടുകൊണ്ടായിരുന്നു. ദുരന്തിൻ്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ അധിക നേരം വേണ്ടിവന്നില്ല. എട്ട് കിലോമീറ്ററോളം ദൂരത്തിൽ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരിമട്ടം ഗ്രാമങ്ങളെ  ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് കേരളക്കര സാക്ഷിയായത്. ദുരന്തഭൂമിയിലെ മണ്ണുമൂടിയ പ്രദേശങ്ങളിലും, പുഴയിലെ കുത്തൊഴുക്കിലുമെല്ലാം മനുഷ്യർ നഷ്ടപ്പെട്ടുപോയ ജീവനുകളെ തെരഞ്ഞു. ജീവനോടെ കണ്ടെത്തിയവരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. തിരിച്ചറിഞ്ഞ  മൃതദേഹങ്ങൾ ആശുപത്രികളിൽ നിന്ന് വിവിധ മതാചാര പ്രകാരം സംസ്കരിച്ചു. തിരിച്ചറിയാതെ പോയ മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ഭൂമിയിൽ സംസ്കരിച്ചു. വിദഗ്ധ സംഘത്തിൻ്റെ തിരച്ചിലിനൊടുവിൽ ലഭിച്ച മൃതദേഹങ്ങളും, ശരീരാവശിഷ്ടങ്ങളും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി. തിരിച്ചറിഞ്ഞ മൃതദേഹങ്ങളെല്ലാം സംസ്‌ക്കരിച്ചു.

SCROLL FOR NEXT