'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ചട്ടങ്ങൾ അനുസരിച്ച് ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. എന്നാൽ 461 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 269 പേർ മാത്രമാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 198 പേര്‍ ബില്ലിനെ എതിർത്താണ് വോട്ട് ചെയ്തത്. 307 പേർ അനുകൂലമായി വോട്ട് ചെയ്താൽ മാത്രമേ ബിൽ പാസാക്കാൻ കഴിയുള്ളു. നിലവിൽ, ബിൽ ജെപിസിക്ക് വിടുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്.
എട്ട് പേജുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങൾ ഭേദഗതി വരുത്തുന്നതാണ് ബിൽ. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും.
ബില്ലിനെപ്പറ്റി അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ
1. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഭരണഘടനയുടെ 129ാമത് ഭേദഗതി ബിൽ (the Constitution (One Hundred and Twenty-Ninth Amendment) Bill, 2024) അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ ഒരു സംയുക്ത സമിതിക്ക് റഫർ ചെയ്യാൻ കേന്ദ്ര നിയമമന്ത്രി സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെടും. വിവിധ പാർട്ടികളുടെ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുക.
2. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി കമ്മിറ്റിയുടെ അധ്യക്ഷനാകും. കൂടാതെ കമ്മിറ്റിയിൽ പരമാവധി അംഗത്വം നേടുകയും ചെയ്യും. ചൊവ്വാഴ്ച വൈകിട്ടോടെ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിക്കും. ഈ കമ്മിറ്റിയുടെ പ്രാരംഭ കാലാവധി 90 ദിവസമായിരിക്കും. എന്നാൽ, ഭാവിയിൽ ഇത് നീട്ടാനിടയുണ്ട്.
3. ഭരണഘടന ഭേദഗതി ചെയ്യാനും ഭരണകക്ഷിയായ ബിജെപിയെ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നിർദ്ദേശം നടപ്പാക്കാനും അനുവദിക്കുന്നതിനുള്ള രണ്ട് ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു. സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെട്ട സമിതിയാണ് ബില്ലുകളും ഭേദഗതികളും ശുപാർശ ചെയ്തത്.
4. ആദ്യത്തേത് സംസ്ഥാന നിയമസഭകളുടെ കാലാവധിയെ ലോക്സഭയുടെ കാലാവധിയുമായി ബന്ധിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. അതായത് 2029ന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരുകളുടെ കാലാവധി ആ ലോക്‌സഭയുടെ കാലാവധിയോടെ അവസാനിക്കും. 2031ൽ തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭയെ 2034ൽ പിരിച്ചുവിടുകയും അതിൻ്റെ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാതിരിക്കുകയും ചെയ്യും. അടുത്ത തെരഞ്ഞെടുപ്പ് 20ാം ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ചേർത്ത് നടത്തുകയും ചെയ്യും.
5. രണ്ടാമത്തെ ബിൽ കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്, സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലേയും തെരഞ്ഞെടുപ്പുകൾക്ക് ഒപ്പമാക്കാൻ നിർദ്ദേശിക്കുന്നതാണ്.
6. ഈ വ്യവസ്ഥകൾ 2034ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ബില്ല് അനുസരിച്ച്, ഒരു പുതിയ ലോക്‌സഭയുടെ ആദ്യ സിറ്റിംഗിന് ശേഷം അറിയിക്കേണ്ട 'നിയുക്ത' തീയതിക്ക് ശേഷം അതിൻ്റെ വ്യവസ്ഥകൾ നടപ്പിലാക്കുക. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിനുള്ള സാഹചര്യം നിലവിൽ അവസാനിച്ചിട്ടുണ്ട്.
7. ഒരു തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ, ഷെഡ്യൂളിന് മുമ്പായി ഒരു നിയമസഭ പിരിച്ചുവിട്ടാൽ, മുൻ ടേം പൂർത്തിയാക്കാൻ പുതിയ നിയമസഭയ്ക്കായി ഇടക്കാല തെരഞ്ഞെടുപ്പ് നടത്തും.
8. ബിജെപി ഇതര മുന്നണി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പ് കേന്ദ്രത്തിന് തിരിച്ചടിയാകുമെങ്കിലും, ഈ ബില്ലുകൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്ന് രാം നാഥ് കോവിന്ദ് പാനൽ നിർദേശിക്കുന്നു. എന്നിരുന്നാലും, ഒരു പൊതു വോട്ടർ പട്ടികയ്ക്കുള്ള നിർദ്ദേശങ്ങൾ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംസ്ഥാന തലത്തിലോ കേന്ദ്ര തലത്തിലോ ഉള്ളവയ്ക്ക് ഒപ്പമാക്കുന്നതിന് കുറഞ്ഞത് പകുതി സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണ്.
9. ഒരേസമയം നടക്കുന്ന തെരഞ്ഞെടുപ്പുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയേയും ഭരണത്തേയും പരിവർത്തനം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ വാദം.'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം, നയവ്യതിയാനം തടയുകയും, ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ മൂലമുണ്ടാകുന്ന അനിശ്ചിതത്വത്തിൻ്റെ അന്തരീക്ഷം തടയുകയും ചെയ്യുമെന്നും കേന്ദ്ര സർക്കാർ നേതൃത്വം വാദിക്കുന്നു.
10. പ്രതിപക്ഷം ഒറ്റക്കെട്ടായാണ് ബില്ലിനോട് വിയോജിപ്പിച്ചറിയിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തേയും ഫെഡറൽ ഘടനയേയും തകർക്കാൻ രൂപകൽപ്പന ചെയ്ത സ്വേച്ഛാധിപത്യ അടിച്ചമർത്തലാണിതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിമർശിച്ചു.