'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ബില്ലിനെതിരെ ഒറ്റക്കെട്ടായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസും തൃണമൂലും എസ്പിയും ആരോപിച്ചു.
ബില്‍ ഭരണഘടനയെ തകര്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ലെന്ന് നിയമമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കാനും സമന്വയിപ്പിക്കാനും ബില്‍ സഹായിക്കുമെന്നും ഇതിലൂടെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയോ, അതിന്റെ സത്തയില്‍ കൈകടത്തുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് മാര്‍ഗരേഖകള്‍ ശുപാര്‍ശ ചെയ്യാന്‍ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തില്ലെന്നും കൂടുതല്‍ കൂടിയാലോചനകള്‍ക്കായി ബില്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് അയക്കാനും നിയമമന്ത്രി നിര്‍ദേശിച്ചു. ബിൽ ജെപിസിക്ക് വിടാമെന്ന നിർദേശം ആഭ്യന്തര മന്ത്രി അമിതാ ഷായും മുന്നോട്ടുവെച്ചു. ബിൽ അവതരിപ്പിച്ചതിനു ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടു.
മുതിർന്ന കോൺഗ്രസ് നേതാവും ചണ്ഡീഗഡിൽ നിന്നുള്ള എംപിയുമായ മൈഷ് തിവാരി ബില്ല് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമെന്ന് വിമർശിച്ചു. തെലുങ്ക് ദേശം പാർട്ടി എംപിമാർ ബില്ലിനെ അനുകൂലിച്ചു. ആദ്യമായി ഒരു ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ ലോക്സഭ ഡിവിഷന്‍ വോട്ടെടുപ്പും നടന്നു. 269എംപിമാര്‍ അനുകൂലിച്ചും 198 പേര്‍ എതിര്‍ത്തും വോട്ട് ചെയ്താണ് ബില്‍ അവതരിപ്പിച്ചത്.
എട്ട് പേജുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങൾ ഭേദഗതി വരുത്തുന്നതാണ് ബിൽ. ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമസഭയിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും.