NEWSROOM

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഇന്നലെ സംഭവത്തിന് ശേഷം ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രതിയെ കണ്ടതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന ഇയാളെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇയാളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്നലെ നടന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമിച്ച അതേ വ്യക്തി തന്നെയാണോ ഇയാളെന്നും സ്ഥിരീകരിച്ചിട്ടില്ല. നടന്റെ വീട്ടിൽ അതിക്രമിച്ച കയറി പരിക്കേൽപ്പിച്ച കേസിൽ ഇതുവരെ മറ്റ് അറസ്റ്റുകളൊന്നും പൊലീസ് രേഖപ്പടുത്തിയിരുന്നില്ല.



ഇന്നലെ സംഭവത്തിന് ശേഷം ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രതിയെ കണ്ടതായാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട ഇയാൾ തിരിച്ചറിയാതിരിക്കാൻ വസ്ത്രം മാറിയിരുന്നതായി പൊലീസ് കരുതുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി 20 ടീമുകൾ രൂപീകരിച്ചാണ് സാങ്കേതിക വിവരങ്ങൾ ശേഖരിച്ചത്. മുംബൈ ന​ഗരത്തിലെ ഇൻഫോർമർമാരെ ഉപയോഗിച്ചും അന്വേഷണം നടത്തിയിരുന്നു.


മോഷണശ്രമത്തിൻ്റെ ഭാ​ഗമായുണ്ടായ സംഘർഷത്തിനിടെയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ സത്​ഗുരു ശരൺ എന്ന വസതിയില്‍ വച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്.

ഇതിനിടെയാണ് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ കൂടി പൊലീസ് നടത്തിയത്. സെയ്ഫിൻ്റെ വീടിൻ്റെ തൊട്ടടുത്തുള്ള അപ്പാർട്ട്മെൻ്റ് വഴിയാണ് കവർച്ചാ സംഘം കയറിയത്. ശേഷം മതിലുകൾ ചാടി ഫയർ എസ്ക്കേപ്പ് ​ഗോവണി വഴിയാണ് മോഷ്ടാവ് സെയ്ഫിൻ്റെ വസതിയിലേക്ക് കടന്നത്. ഈ ദൃശ്യമാണ് സിസിടിവിടിയിൽ പതിഞ്ഞത്. ടീ-ഷർട്ടും ജീൻസും, തോളിൽ ഓറഞ്ച് സ്കാർഫും ധരിച്ച മുപ്പതിനോടടുത്ത പ്രായമുള്ളയാളാണ് പ്രതികളിലൊരാളെന്നും പൊലീസ് സ്ഥിരീകരിച്ചു.


താരത്തിൻ്റെ നാലുവയസുകാരനായ മകൻ ജഹാംഗീറിൻ്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫ് ഏലിയാമ ഫിലിപ്പ്‌സാണ് പ്രതിയെ ആദ്യം നേരിൽ കണ്ടത്. അക്രമി വിരൽ ചൂണ്ടിക്കൊണ്ട് മിണ്ടരുതെന്ന് ഹിന്ദിയിൽ പറഞ്ഞെന്നും ആക്രമണം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ശ​ബ്ദം കേട്ടാണ് സെയ്ഫ് അലിഖാൻ ഓടിയെത്തിയതെന്നും ഏലിയാമ്മ മൊഴി നൽകി. തുടർന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് മോഷ്ടാവ് സെയ്ഫിനെ കുത്തുകയായിരുന്നു. ഏലിയാമ്മയ്ക്കും മറ്റൊരു സ്റ്റാഫിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

കാർ വൈകിയതിനെ തുടർന്ന് മകൻ ഇബ്രാഹിം ഓട്ടോറിക്ഷയിലാണ് സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് തവണ കുത്തേറ്റ നടൻ്റെ രണ്ടു മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും സെയ്ഫിന് സാരമായ പരി‌‌ക്കേറ്റിരുന്നു. നിലവിൽ താരത്തിൻ്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT