NEWSROOM

റഷ്യ-യുക്രെയ്ന്‍ യുദ്ധം; ആയിരം ദിനങ്ങള്‍ പിന്നിടുന്ന രക്തച്ചൊരിച്ചില്‍

Author : ന്യൂസ് ഡെസ്ക്

സ്‌പെഷ്യല്‍ മിലിട്ടറി ഓപ്പറേഷനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ച യുക്രെയ്ന്‍ അധിനിവേശം. ആള്‍ബലത്തിലും ആയുധബലത്തിലും റഷ്യയോട് പിടിച്ചുനില്‍ക്കാനാകില്ല എന്ന പ്രവചനങ്ങളെ തെറ്റിച്ച യുക്രെയ്ന്‍ പ്രതിരോധം. യൂറോപ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ ആധിപത്യം തേടിയിറങ്ങിയ റഷ്യ ഉപരോധങ്ങളില്‍പ്പെട്ട കാലം. 2022 ഫെബ്രുവരി 24 ല്‍ ആരംഭിച്ച അധിനിവേശയുദ്ധം ആയിരം ദിനങ്ങള്‍ പിന്നിടുന്നു.അന്നൊരുവെള്ളിയാഴ്ചയായിരുന്നു. യുക്രെയ്‌നില്‍ നേരം പുലര്‍ന്നത് മിസൈല്‍ വര്‍ഷങ്ങളുമായി. വടക്ക് ബെലാറസില്‍ നിന്നും കിഴക്ക് റഷ്യയില്‍ നിന്നും തെക്ക് ക്രിമിയയില്‍ നിന്നും പതിനായിരക്കണക്കിന് റഷ്യന്‍ സൈനികര്‍ രാജ്യത്തേക്ക് കടന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുത്തു. അധിനിവേശം കിയേവിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് മുന്നേറി.

എന്നാല്‍ കീഴടങ്ങലിന് തയ്യാറായിരുന്നില്ല യുക്രെയ്ന്‍. കിയേവിലേക്കുള്ള റഷ്യന്‍ കമാന്‍ഡോകളുടെ മുന്നേറ്റം ആദ്യമണിക്കൂറുകളില്‍ തന്നെ യുക്രെയ്ന്‍ അടിച്ചമര്‍ത്തി. പ്രതീക്ഷിച്ചതിലും ശക്തമായ ചെറുത്തുനില്‍പ്പില്‍ റഷ്യന്‍ സൈന്യത്തിന് പിന്മാറാതെ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതോടെ പിടിച്ചെടുത്തതും സ്വാധീനമുള്ളതുമായ മേഖലകളില്‍ പൂര്‍ണ്ണനിയന്ത്രണം സ്ഥാപിക്കുകയായി റഷ്യയുടെ ലക്ഷ്യം.

തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായിരുന്നു ഇതിലേറ്റവും വലിയ നേട്ടം. യുദ്ധത്തിന് മുന്‍പ് 450,000 ജനസംഖ്യയുണ്ടായിരുന്ന മേഖലയെ പൂര്‍ണ്ണനാശത്തിലെത്തിച്ചായിരുന്നു ആ പിടിച്ചടക്കല്‍. 20000 ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. അവശേഷിച്ചവര്‍ കൂട്ടപ്പാലായനത്തിന് നിര്‍ബന്ധിതരായി.


പിടിച്ചെടുത്തതും നിയന്ത്രണം അവകാശപ്പെടുന്നതുമായ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി ക്രൂരപീഢനങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തിയെന്ന ആരോപണങ്ങളും റഷ്യക്കെതിരെയുണ്ട്. അധിനിവേശ പ്രദേശത്ത് നിന്ന് കുട്ടികളെ നാടുകടത്തിയതടക്കം ഇത്തരം 1,29,000 കേസുകളിലാണ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യുദ്ധക്കുറ്റം ചുമത്തിയിരിക്കുന്നത്.

2022 ന്റെ അവസാനമാസങ്ങളിലെ യുക്രെയ്ന്റെ പ്രത്യാക്രമണങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലെ സ്വാധീനം തിരിച്ചുപിടിച്ചു. ഖാര്‍കിവ് പ്രവിശ്യയും കെഴ്‌സണ്‍ നഗരവും സമീപപ്രദേശങ്ങളും തിരിച്ചുപിടിക്കാനായതോടെ, യുദ്ധം അതിര്‍ത്തികളിലേക്ക് പിന്മാറി. ഇതിനിടെ യുക്രെയിനിന്റെ 15 ശതമാനം വരുന്ന നാലുപ്രവിശ്യകള്‍ പൊതുവോട്ടിലൂടെ റഷ്യയ്ക്ക് ഒപ്പം ചേര്‍ന്നതായി പുടിന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും യൂറോപ്യന്‍ യൂണിയനടക്കം ഈ നീക്കത്തെ തള്ളി.

എന്നാല്‍ 2022ലെ മുന്നേറ്റമാവര്‍ത്തിക്കാനുള്ള യുക്രെയ്ന്റെ ശ്രമം 2023 ല്‍ വലിയ തിരിച്ചടി നേരിട്ടു. വേനലില്‍ തെക്കന്‍ യുദ്ധമുഖത്ത് റഷ്യന്‍ പ്രതിരോധ നിരയില്‍ വിള്ളല്‍വീഴ്ത്താനുള്ള യുക്രെയ്ന്‍ ശ്രമം പരാജയപ്പെട്ടു. ശൈത്യകാലത്ത് റഷ്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. അതേസമയം, ചരക്ക് നിയന്ത്രണത്തില്‍ നിര്‍ണ്ണായകമായ കരിങ്കടലിലെ റഷ്യന്‍ സ്വാധീനത്തെ ദുര്‍ബലപ്പെടുത്താന്‍ ഇക്കാലളവില്‍ യുക്രെയ്‌ന് കഴിഞ്ഞു.


റഷ്യയുടെ വലിയ സൈനിക ബജറ്റിനോട് മത്സരിക്കാനാകാത്തതായിരുന്നു എല്ലാഘട്ടത്തിലും കരയില്‍ യുക്രെയ്ന്‍ നേരിട്ട തിരിച്ചടികളുടെ കാരണം. അമേരിക്കയില്‍ നിന്നും ബ്രിട്ടനടക്കം യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നും ലഭിക്കുന്ന ആയുധസഹായവും ശതകോടികളുടെ ഫണ്ടിംഗുമാണ് യുക്രെയ്ന്റെ പ്രധാനബലം. 2024ന്റെ ആദ്യപാദത്തില്‍ തന്ത്രപ്രധാന നഗരങ്ങളായ അവ്ദിഫ്ക, ചാസിവ് യാര്‍ എന്നിവ കൈവിട്ടുപോയത് ഈ സഖ്യകക്ഷികളില്‍ നിന്നുള്ള സഹായം വൈകിയതുകൊണ്ടാണ്. ഓഗസ്റ്റില്‍ റഷ്യയുടെ കേര്‍സ്‌ക് മേഖലയിലേക്ക് യുക്രെയ്ന്‍ പ്രത്യാധിനിവേശം നടത്തിയപ്പോള്‍ പുടിന്‍ അമേരിക്കന്‍ ഫണ്ടിംഗിനുനേരെ വിരല്‍ചൂണ്ടിയതും അതുകൊണ്ടാണ്.

പ്രതിദിനം 1200 സൈനികരെയാണ് റഷ്യയ്ക്ക് നഷ്ടപ്പെടുന്നതെന്നും ആകെ നഷ്ടം ആറുലക്ഷം കടന്നെന്നുമാണ് ഒക്ടോബറില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. പൊതുബജറ്റിന്റെ 30 ശതമാനവും യുദ്ധത്തിനായി ചെലവഴിക്കുന്ന റഷ്യ, അതിലൊരുഭാഗം വിനിയോഗിക്കുന്നത് ഉത്തരകൊറിയന്‍ സൈനികര്‍ക്കുവേണ്ടിയാണ്. 2023 ലുള്ള അഭ്യൂഹങ്ങളെ ശരിവെച്ച് ഉത്തരകൊറിയയുമായി പരസ്യമായി സൈനിക കരാറിലേര്‍പ്പെട്ടിരിക്കുകയാണ് നവംബറില്‍ റഷ്യ. ഇതിന്റെ തുടര്‍ച്ചയായി വടക്കുകിഴക്കന്‍ നഗരങ്ങളിലെയും കരിങ്കടിലിനോടുചേര്‍ന്ന മേഖലകളിലെയും ജനവാസകേന്ദ്രങ്ങളിലേക്കുപോലും ആക്രമണം കടുപ്പിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് റഷ്യയ്ക്ക് ഉള്ളിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ജോ ബൈഡന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനര്‍ഥം വ്യോമാക്രമണത്തിലെ ദൗര്‍ബല്യം മറികടന്ന് ദീര്‍ഘദൂരമിസൈല്‍ ആക്രമണങ്ങളിലേക്ക് വരെ യുക്രെയ്ന്‍ നീങ്ങുമെന്നാണ്. മുന്നാംലോക മഹായുദ്ധത്തിനുള്ള ക്ഷണമെന്നാണ് റഷ്യ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. ഇരുപക്ഷവും വിജയപദ്ധതികള്‍ തയ്യാറാക്കിയ സാഹചര്യത്തില്‍ സമാധാനശ്രമങ്ങളും വിദൂരമാണ്. യുക്രെയ്‌നുള്ള സഹായത്തോട് മുഖംതിരിച്ച ചരിത്രമുള്ള ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതാണ് ഇനി ഈ സംഘര്‍ഷം കാത്തിരിക്കുന്ന അടുത്ത നിര്‍ണ്ണായക വഴിത്തിരിവ്.

SCROLL FOR NEXT