കേരളത്തെയാകമാനം ഭീതിയിലാഴ്ത്തിയ കളമശേരി സ്‌ഫോടനം നടന്നിട്ട് ഒരാണ്ട്. തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിനാണ് ഇതിനു പിന്നിലെ മുഖ്യസൂത്രധാരനും ഏകപ്രതിയും എന്ന് കണ്ടെത്തിയിരുന്നു. യഹോവാ സാക്ഷികളുടെ നിലപാടുകളോടുള്ള എതിര്‍പ്പാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. എട്ടു പേരുടെ ജീവനെടുത്ത സ്ഫോടനം കേരള സമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് കേരളത്തെ നടുക്കിയ അപകടം നടന്നത്. കളമശേരിയിലെ സാമ്ര കൺവെൻഷൻ സെൻ്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിന് വന്നെത്തിയത് 2500 ഓളം പേരാണ് എത്തിയത്. പൊടുന്നനെയാണ് ഭീകര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം 8 പേർക്ക് അന്ന് ജീവൻ നഷ്ടമായി
സംഭവം നടന്ന് മണിക്കൂറുകൾക്കകം തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ഉത്തരവാദിത്തമേറ്റെടുത്ത് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സ്‌ഫോടനത്തിന് പിന്നിൽ താനാണെന്ന് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതിനു ശേഷമാണ് മാർട്ടിന്‍ സ്റ്റേഷനിലെത്തിയത്. പ്രതി താൻ തന്നെയാണെന്ന് സ്ഥാപിക്കാനാവശ്യമായ മുഴുവൻ തെളിവുകളും മാർട്ടിന്‍ പൊലീസിന് കൈമാറിയിരുന്നു. കുറ്റകൃത്യത്തിൻ്റെ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും മാർട്ടിൻ മൊഴി നൽകിയിരുന്നു.
സ്വന്തം ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെൻ്റിൽ വെച്ച് സ്ഫോടന വസ്തുകൾ തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. സ്ഫോടക വസ്തുക്കൾ നിർമിക്കാനാവശ്യമായ എല്ലാ വസ്തുക്കളും സ്വരുക്കൂട്ടി വെച്ച് വലിയ മുന്നൊരുക്കങ്ങളാണ് പ്രതി നടത്തിയത്. പ്രതിയെ കണ്ടുപിടിക്കും വരെ ആശങ്കയുടെ മുൾമുനയിൽ കേരളത്തെ നിർത്തിയ സംഭവമായിരുന്നു ഇത്.
യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും, അവർ രാജ്യദ്രോഹപരമായ പലതും ചെയ്യുന്നുവെന്ന ചിന്തയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഡൊമിനിക് വീഡിയോയിൽ ആരോപിച്ചു. പലതവണ തിരുത്താൻ ശ്രമിച്ചെങ്കിലും ഫലമില്ലാതിരുന്നതിനെ തുടർന്നാണ് സ്ഫോടനം നടത്തുന്നതെന്നും വീഡിയോയിൽ ഉണ്ട്.
സ്ഫോടനം നടക്കുന്നതിൻ്റെ ഒരു മാസം മുമ്പാണ് പ്രതി വിദേശത്തു നിന്ന് എത്തിയത്. ഭൂമിയിലെ എല്ലാവരും നശിക്കും, യഹോവ സാക്ഷികൾ മാത്രം അതിജീവിക്കും എന്നാണ്, വിശ്വാസികൾ പറഞ്ഞു പരത്തിയിരുന്നത്. ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഇത്തരം വിഭാഗത്തെ ഇല്ലാത്താക്കുകയാണ് നല്ലതെന്ന് കരുതിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. പൂർണ ബോധ്യത്തോടെയാണ് ആസൂത്രണങ്ങൾ നടത്തിതെന്നും പ്രതി സമ്മതിച്ചിരുന്നു.
ഡൊമിനിക്കിലേക്ക് എത്തുന്നതിനു മുൻപ് സ്‌ഫോടനത്തിൻ്റെ ഭീകരതയെക്കാൾ അലട്ടിയത് കേരളത്തിൻ്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കും വിധമുള്ള തെറ്റിധാരണകളാണ്. ഒന്നിനുപുറകെ ഒന്നൊന്നായി നിരവധി വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം വന്നുകൊണ്ടിരുന്നു. സ്‌ഫോടനത്തിനു തീവ്രവാദ ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാൻ വരെ ശ്രമങ്ങളുണ്ടായി.
ഈ വർഷം ഏപ്രിലിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഏകപ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ നിയമപ്രകാരവും, സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും, കൊലപാതകം, കൊലപാത ശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ അന്വേഷണ സംഘം ഒഴിവാക്കിയിരുന്നു. ആറു മാസത്തെ അന്വേഷണത്തിനൊടുവിൽ 3578 പേജുള്ള കുറ്റപത്രമാണ് കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സമർപ്പിച്ചത്.