NEWSROOM

ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി; പാലക്കാട് തന്നെ നിയമനം വേണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

തന്റെ സഹോദരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ ജഗദീഷിനോട് ഫോണിലൂടെ ക്ഷോഭിച്ച് സംസാരിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്


ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. സെക്രട്ടറി ജഗദീഷിനെ കാസര്‍കോട് ഈസ്റ്റ് എളേരിയിലേക്ക് മാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. തന്റെ സഹോദരിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ ജഗദീഷിനോട് ഫോണിലൂടെ ക്ഷോഭിച്ച് സംസാരിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് സെക്രട്ടറിയെ കാസര്‍ഗോഡേക്ക് സ്ഥലംമാറ്റിയത്.  കരുതലും കൈത്താങ്ങും പരിപാടിയിൽ പങ്കെടുത്തില്ലെന്ന് കാണിച്ചാണ് ജഗദീഷിനെ സ്ഥലം മാറ്റിയത്. ഈ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ എറണാകുളം ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്. പാലക്കാട് ജില്ലയില്‍ തന്നെ നിയമനം നടത്തണമെന്നാണ് പുതിയ നിര്‍ദേശം. പട്ടാമ്പി എംഎല്‍എ മുഹ്‌സിന്‍ ജഗദീഷിനെതിരെ സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നിരുന്നു. ജഗദീഷ് തന്നെയാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. തന്റെ സഹോദരിയോട് മോശമായി സംസാരിച്ചതുകൊണ്ടാണ് അത്തരത്തില്‍ സംസാരിക്കേണ്ടി വന്നതെന്ന് എംഎല്‍എയും വ്യക്തമാക്കിയിരുന്നു.

സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ മോന്ത അടിച്ച് പൊളിക്കുമെന്നായിരുന്നു എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭീഷണി. ജനുവരി 20 നാണ് സംഭവം നടന്നത്.

സെക്രട്ടറി സ്ഥലംമാറ്റം കിട്ടിയ ശേഷം ഓഡിയോ ക്ലിപ്പ് പുറത്തുവിടുകയായിരുന്നു. സെക്രട്ടറിക്കെതിരെ നിരന്തരം പരാതികള്‍ വന്നെന്നും സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയില്‍ സംസാരിച്ചതെന്നുമാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയുടെ വിശദീകരണം.


SCROLL FOR NEXT