NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഓണ്‍ലൈന്‍ പേജുകള്‍ അതിജീവിതമാരെ അപമാനിക്കുന്നു; മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

അതിജീവിതര്‍ക്ക് നിയമപരിരക്ഷ അടക്കം എട്ട് ആവശ്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് 150 പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം. പല ഓൺലൈൻ പേജുകളും അതിജീവിതമാരെ അപമാനിക്കുന്നുവെന്നും പേജുകള്‍ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം. അതിജീവിതര്‍ക്ക് നിയമപരിരക്ഷ അടക്കം എട്ട് ആവശ്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് 150 പേര്‍ ഒപ്പിട്ട നിവേദനം നല്‍കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കമ്മിറ്റിക്ക് മുമ്പാകെ ലൈംഗീക പീഡനം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകളുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. ഗൗരവസ്വഭാവമുള്ള മൊഴികള്‍ നല്‍കിയ പലരും തുടര്‍ അന്വേഷണത്തിനായി പരാതി നല്‍കാന്‍ വിസമ്മതിച്ചത് അന്വേഷണത്തിന് തിരിച്ചടി ആയി. കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞ മൊഴികളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ പലതും അസ്വസ്ഥരാണെന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിച്ചെന്ന വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഓഫീസില്‍ പരിശോധന നടത്തി. ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, അനില്‍ തോമസ്, ബി. രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അസോസിയേഷന് നല്‍കിയ പരാതി പരിഹരിക്കാന്‍ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. മോശം ഭാഷയില്‍ സംസാരിച്ച് അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ആലുവ സ്വദേശിയായ നടിയുടെ ലൈംഗികാതിക്രമ ആരോപണം തള്ളി നടന്‍ ജയസൂര്യ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. രണ്ടു പരാതികളും വ്യാജമാണെന്നും പരാതിക്കാരിയുമായി യാതൊരു സൗഹൃദവുമില്ലെന്നും ജയസൂര്യ പറഞ്ഞു. കേസിൽ അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെയായിരുന്നു നടന്‍റെ പ്രതികരണം.

SCROLL FOR NEXT