ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാലടി സ്വദേശി എൻ.എസ്. ജബ്ബാറാണ് പിടിയിലായത്.
പരിയാരം ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെ കാലടിയിൽ വച്ചാണ് ജബ്ബാറിനെ പിടികൂടിയത്. കണ്ണൂർ ചെറുവിച്ചേരി സ്വദേശി സന്തോഷിൻ്റെ കയ്യിൽ നിന്നും 17 ലക്ഷം രൂപ തട്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പ്രൊഫസർ റോബർട്ട് പ്രോഫിറ്റ് എന്ന പേരിൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു തട്ടിപ്പ്. വൻ തുക ഡിസ്‌കൗണ്ടോടെ വിവിധ കമ്പനികളുടെ ഷെയർ കൈമാറാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തി വന്നിരുന്നത്.
ALSO READ: ലൈംഗികാതിക്രമക്കേസ് ; ഡിജിപിക്ക് പരാതി നല്കാന് നിവിന്‍ പോളി; പിന്നില്‍ ഹണി ട്രാപ് സംഘമെന്ന് ആരോപണം
കഴിഞ്ഞ മെയ് 23നും ജൂൺ 14നും ഇടയിലാണ് സന്തോഷ് കുമാറിന്‍റെ പണം തട്ടിയെടുത്തത്. ദിവ്യ, ലോകേഷ് പട്ടേൽ എന്നീ പേരുകളിൽ നിരന്തരം ഗ്രൂപ്പിൽ സന്ദേശം അയച്ച് സ്വാധീനിച്ചാണ് ഷെയർ ട്രേഡിങ്ങിന് പ്രേരിപ്പിച്ചതെന്ന് സന്തോഷ്‌കുമാർ പരിയാരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു . ഫെഡറൽ ബാങ്കിന്‍റെ കാലടി ശാഖയിൽ ജബ്ബാർ തുടങ്ങിയ കറണ്ട് അക്കൗണ്ടിലേക്കാണ് പണമെത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ സിം ഉപയോഗിച്ചാണ് ജബ്ബാർ ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നത്. പ്രതിയെ പരിയാരത്തെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി.