NEWSROOM

തൊഴിലിടത്തെ സ്ത്രീ സുരക്ഷ; കേരളത്തിൽ പോഷ് കമ്മിറ്റികൾ ഉള്ളത് 12% സ്ഥാപനങ്ങളിൽ മാത്രം

Author : ന്യൂസ് ഡെസ്ക്

തൊഴിലിടത്തെ സ്ത്രീസുരക്ഷ ഉറപ്പാക്കാനും അതിക്രമങ്ങൾ തടയുന്നതിനുമുള്ള പോഷ് കമ്മിറ്റികൾ കേരളത്തിൽ 12 ശതമാനം സ്ഥാപനങ്ങളിൽ മാത്രമെന്ന് റിപ്പോർട്ട്. പോഷ് ആക്ട് പ്രകാരം രൂപീകരിച്ച പോർട്ടലിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. സമിതികൾ പ്രവർത്തിക്കുന്നത് വെറും 895 സ്ഥാപനങ്ങളിൽ മാത്രമാണ്.

ഒരു സ്ഥാപനത്തിൽ പത്തിൽ കൂടുതൽ പേർ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവിടെ ആഭ്യന്തര പരാതി സമിതി വേണമെന്നാണ് 2013ലെ പോഷ് ആക്ടിൽ പറയുന്നത്. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇത് നടപ്പാക്കേണ്ടത്. എന്നാൽ കേരളത്തിലെ 88 ശതമാനം സ്ഥാപനങ്ങളിലും ഇൻ്റേണൽ കംപ്ലയിന്റ് കമ്മിറ്റി അഥവാ ആഭ്യന്തര പരാതി സമിതി പ്രവർത്തിക്കുന്നില്ല എന്നാണ് പുതിയ കണക്കുകൾ.

8060 സ്ഥാപനങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2723 എണ്ണം സർക്കാർ ഓഫീസുകളാണ്. 1295 എണ്ണം സ്വകാര്യ സ്ഥാപനങ്ങളും 29 എണ്ണം രജിസ്ട്രേഡ് കളക്ടറേറ്റുകളും ആണ്. മറ്റ് ഓഫീസുകൾ എന്ന കണക്കിൽ 4013 സ്ഥാപനങ്ങളും ഉണ്ട്. നിരവധി സ്ഥാപനങ്ങൾ ഇനിയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ സമിതി രൂപീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.

ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനാണ് 2013ൽ പോഷ് ആക്ട് രാജ്യത്ത് നടപ്പാക്കിയത്. സ്ഥാപനത്തിലെ സ്ഥിര ജീവനക്കാരും താലക്കാലിക ജീവനക്കാരും അടക്കം ജോലിക്കാരായ എല്ലവരും ഈ നിയമത്തിന്റെ പരിധിയിൽ വരും. പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ഥാപനങ്ങൾ ചെയ്യുന്നില്ലെന്ന് സർക്കാർ വൃത്തങ്ങളും അറിയിക്കുന്നു.

പോഷ് ആക്ട് നടപ്പാക്കി 11 വർഷം കഴിഞ്ഞിട്ടും 88 ശതമാനം സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി സമിതി ഇല്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയും കമ്മിറ്റി രൂപീകരിക്കാതെയും നിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സർക്കാരും സ്വീകരിക്കണം.

SCROLL FOR NEXT