ഒരു രാഷ്ട്രീയ നേതാവോ, മന്ത്രിയോ, മുഖ്യമന്ത്രിയോ മാത്രമായി ഒതുക്കാൻ കഴിയാത്ത വ്യക്തിത്വം. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കേരളത്തിൽ കോൺഗ്രസിൻ്റെ ജനകീയ മുഖം. വിശേഷണങ്ങൾ ഏറെയുണ്ട് മലയാളികളുടെ പ്രിയങ്കരനായ ഉമ്മൻചാണ്ടിക്ക്. മൺമറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ആ ജനകീയതയ്ക്ക് ഒട്ടും കുറവില്ലെന്നതിന് തെളിവാണ് ഇന്നും ആ കല്ലറ തേടിയെത്തുന്ന ജനക്കൂട്ടം.
പരിചയപ്പെടുത്താൻ ഒരാമുഖം ആവശ്യമില്ലാത്ത വിധം കേരള രാഷ്ട്രീയത്തിലെ അതികായൻ. കേരള രാഷ്ട്രീയത്തിൽ എക്കാലവും ജനകീയതയുടെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി. വിവാദങ്ങളുടെ ചുഴിയിൽപ്പെട്ട കാലത്തും പതറാതെ നിന്ന പോരാട്ടവീര്യം, നിറഞ്ഞ പുഞ്ചിരിയോടെ, സൗമ്യമായ മുഖഭാവത്തോടെ തന്നെ തേടിയെത്തുന്ന ഒരോ മനുഷ്യരേയും അദ്ദേഹം സ്വീകരിച്ചു. പരാതികളും പരിഭവങ്ങളും കേട്ടു, നടപടികളെടുത്തു. അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന് എക്കാലവും തീരാനഷ്ടമാണ്.
കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ പലരേയും പോലെ തന്നെ ഒരണ സമരമാണ് ഉമ്മൻ ചാണ്ടിയേയും രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. അന്ന് ഉമ്മൻചാണ്ടി സെന്റ് ജോർജ് സ്കൂൾ കെ എസ് യു യൂണിറ്റ് പ്രസിഡൻ്റ്. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി സ്ഥാനക്കയറ്റം. തുടർന്ന് ആന്റണിയുടെ വിശ്വസ്തനായി ഏറെക്കാലം. 1967ൽ എകെ ആന്റണി കെ എസ് യു അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിയപ്പോൾ ഉമ്മൻചാണ്ടി ആ പദവിയിൽ എത്തി. പിന്നീട് 2004 ൽ മുഖ്യമന്ത്രി കസേരയിൽ നിന്ന് ആന്റണി രാജിവച്ചപ്പോൾ പകരമെത്തിയതും ഉമ്മൻചാണ്ടിയായിരുന്നു.
1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ആയിരുന്നു നിയമസഭയിലേക്ക് പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി അദ്ദേഹത്തെ ജനങ്ങൾ തെരഞ്ഞെടുത്തു. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പല മന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു. രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി നിറഞ്ഞു നിന്നു. എന്നാൽ ഒരു കാലത്തും ദേശീയ രാഷ്ട്രീയം ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യമായിരുന്നില്ല. ആ രാഷ്ട്രീയ ജീവിതം പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ നീണ്ടതായിരുന്നു എന്ന് തന്നെ പറയേണ്ടിവരും. ദേശീയ തലത്തിൽ വരെ അത് അംഗീകരിക്കപ്പെട്ടിരുന്നു.
അരനൂറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിൽ ഉമ്മൻ ചാണ്ടി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു സോളാർ കേസുകൾ. അതിൽ തന്നെ പരാതിക്കാരി ഒടുവിൽ ഉന്നയിച്ച പീഡനാരോപണം രാഷ്ട്രീയ എതിരാളികളും ഏറ്റുപിടിച്ചതോടെ നിരവധി കല്ലേറുകൾ അദ്ദേഹം നേരിട്ടു. പിന്നീട് പരമോന്നത ഏജൻസി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിൻ്റെ നിരപരാധിത്വം വെളിവായത്. മരണത്തിന് ഏതാനും നാളുകൾക്ക് മുൻപ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി സിബിഐ റിപ്പോർട്ട് കൊടുത്തെങ്കിലും മരണത്തിന് തൊട്ടുപിന്നാലെ മാത്രമാണ് കോടതി അത് അംഗീകരിച്ചത്. തൻ്റെ രാഷ്ട്രീയജീവിതത്തെയാകെ പിടിച്ചുലച്ച ആ പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. അദ്ദേഹത്തിൻ്റെ ആത്മകഥയായ കാലം സാക്ഷി എന്ന പുസ്തകത്തിൽ സോളാർ കേസിനെക്കറിച്ചും, അതിനെ നേരിട്ട നാൾവഴികളക്കുറിച്ചും ഉമ്മൻ ചാണ്ടി വിവരിക്കുന്നുണ്ട്, അതേ ചിരിയോടെ.
മരണം കൊണ്ട് മറക്കാവുന്ന വാക്കായിരുന്നില്ല പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉമ്മൻ ചാണ്ടി എന്നത്. ഏറെക്കാലം പ്രതീക്ഷയും ആശ്രയവുമായിരുന്ന ഒരിടം എന്ന നിലയിലാണ് പുതുപ്പള്ളിയിലെ വീടിനെയും ഉമ്മൻ ചാണ്ടിയെയും അവർ നെഞ്ചേറ്റിയത്. ആ പ്രതീക്ഷയും , സ്നേഹവും അവർ അദ്ദേഹത്തിൻ്റെ മകനായ ചാണ്ടി ഉമ്മനും പകർന്നു നൽകി.അത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരളം കണ്ടറിഞ്ഞു.
ജനസാഗരത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദർശനങ്ങളും, സുദീർഘമായ വിലാപയാത്രകളും ചേർന്ന് കേരളമേകിയ അത്യപൂർവ യാത്രാമൊഴി ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ് ലോകത്തോട് വിടപറയുന്നത്. ഉമ്മൻചാണ്ടിയില്ലാത്ത കേരളവും കേരളരാഷ്ട്രീയവും ഇന്ന് ഒരാണ്ട് തികയ്ക്കുകയാണ്. എങ്കിലും മരണമില്ലാതെ ഇന്നും തുടരുന്നു പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിൻ്റെ ഓർമകൾ...