ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഭാര്യമാരുടേയും മക്കളുടേയും മുന്നില്‍വെച്ച് 26 നിരപരാധികളെയാണ് ഭീകരര്‍ ഇല്ലാതാക്കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതിലൂടെ പഹല്‍ഗാമില്‍ സിന്ദൂരം നഷ്ടമായ 25 വിധവകളുടെ കണ്ണീരിനു കൂടിയാണ് ഇന്ത്യന്‍ സേന മറുപടി നല്‍കിയിരിക്കുന്നത്.
'എന്റെ അമ്മയടക്കമുള്ളവരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞതാണ്. ഇന്ത്യ നടത്തിയ ഓപ്പറേഷന് ഇതിലും നല്ല പേര് കൊടുക്കാനില്ല', പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതിയുടെ വാക്കുകള്‍ തന്നെയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കിയതിനുള്ള ഉത്തരവും. ഇന്ത്യന്‍ സേന പങ്കുവെച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ ചിത്രത്തില്‍ ചിതറിത്തെറിച്ച സിന്ദൂരം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.
പഹല്‍ഗാം ഭീകരാക്രമണമുണ്ടായി പതിനാലാം ദിവസമാണ് ഇന്ത്യയുടെ മറുപടി. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. ഓപ്പറേഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പത്ത് മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. പുലര്‍ച്ചെ 1.44 ഓടെ നടത്തിയ തരിച്ചടിക്കു പിന്നാലെ, 'നീതി നടപ്പിലാക്കി' എന്നായിരുന്നു സൈന്യം അറിയിച്ചത്.
മുരിഡ്കെ, ബഹവല്‍പൂര്‍, കോട്ലി ,ചക് അമ്രു, ഭീംബര്‍, ഗുല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്. ജെയ്‌ഷെ ഭീകരന്‍ മസൂദ് അസറിന്റെയും ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെയും ശക്തികേന്ദ്രങ്ങളിലെ ലക്ഷ്യം വെച്ചാണ് ആക്രണം നടന്നത്. ആറിടങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പാകിസ്ഥാന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.