NEWSROOM

ഒപ്പം ബോളിവുഡിലേക്ക്? മോഹന്‍ലാലിൻ്റെ വേഷത്തിലേക്ക് സെയ്ഫ് അലി ഖാന്‍

സെയ്ഫ് അലി ഖാനും പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

Author : ന്യൂസ് ഡെസ്ക്


പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഒപ്പത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സെയ്ഫ് അലി ഖാനും പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

"ഞാന്‍ അടുത്തതായി ഒരു പ്രിയദര്‍ശന്‍ ചിത്രമാണ് ചെയ്യുന്നത്. അതില്‍ അന്ധനായാണ് അഭിനയിക്കുന്നത്. വളരെ ആവേശത്തോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്", എന്നാണ് സെയ്ഫ് അലി ഖാന്‍ സിനിമയെ കുറിച്ച് ബോളിവുഡ് ഹങ്കാമയോട് പറഞ്ഞത്.

25 വര്‍ഷമായി ഇരുവരും ഇന്ത്യന്‍ സിനിമയില്‍ സജീവമാണെങ്കിലും ഇതാദ്യമായാണ് ഇരുവരും തമ്മില്‍ ഒരു സിനിമ ചെയ്യുന്നത്. സാധാരണ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ പോലെ ഇതൊരു കോമഡി ചിത്രമായിരിക്കില്ല മറിച്ച് ഒരു ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

"എനിക്ക് സെയ്ഫ് അലി ഖാന്റെ സ്‌ക്രീന്‍ പ്രസന്‍സ് എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു", എന്നാണ് പ്രിയദര്‍ശന്‍ സിനിമയെ കുറിച്ച് പറഞ്ഞത്.

2016ലാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഒപ്പം തിയേറ്ററിലെത്തിയത്. പ്രിയദര്‍ശന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും രചനയും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ജയരാമന്‍ എന്ന അന്ധനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്.

SCROLL FOR NEXT