ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ചിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദലിത് - കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടാനും ജീവിതാന്ത്യം വരെ പോരാടിയ വിപ്ലവകാരി ആയിരുന്നു കെ.കെ. കൊച്ച് എന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
ചിന്തകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ അങ്ങനെ പല മേഖലകളിൽ കെ.കെ കൊച്ചിനെ അടയാളപ്പെടുത്താം എന്ന് പ്രതിപക്ഷ നേതാവ് അനുശോചനത്തിൽ പറഞ്ഞു. ഒരു ജനവിഭാഗത്തിൻ്റെ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയ മനുഷ്യൻ എന്ന നിലയിൽ കെ.കെ. കൊച്ചിൻ്റെ സേവനങ്ങളെ അങ്ങേയറ്റം വില മതിക്കുന്നു. 'ദലിതൻ' എന്ന കൊച്ചിൻ്റെ ആത്മകഥ നമ്മൾ ഒരു പഠന വിഷയം ആക്കേണ്ടതാണ്. വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന ആളാണ് കെ.കെ കൊച്ച്. തന്‍റെ നിലപാടുകളെയും രാഷ്ട്രീയത്തേയും സ്വാധീനിച്ചവരിൽ ഒരാളാണെന്നും സഹോദര തുല്യനായ ഒരാളുടെ വേർപാട് പോലെ കെ.കെ കൊച്ചിൻ്റെ വിയോഗം തന്നെ ഉലയ്ക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ഇന്ന് രാവിലെ 11.20 നായിരുന്നു കെ.കെ. കൊച്ചിന്റെ നിര്യാണം. 76 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദലിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനാണ് കെ.കെ. കൊച്ച്. 'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.