NEWSROOM

39 ലക്ഷം പുതിയ വോട്ടർമാർ, ആരാണ് ഇവരെക്കെ? മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പിൽ വ്യാപക ക്രമക്കേടെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

ഹിമാചൽപ്രദേശിലെ ആകെയുള്ള വോട്ടർമാരുടെ എണ്ണത്തിന് തുല്യമായ കണക്കാണ് ഇതെന്നും രാഹുൽ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്


മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ രാഹുൽഗാന്ധി പുറത്തുവിട്ടത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഓരോന്നായി എടുത്തു പറഞ്ഞായിരുന്നു രാഹുലിൻ്റെ ആരോപണം. തെരഞ്ഞെടുപ്പ് പട്ടികയും വോട്ടർമാരുടെ വിവരങ്ങളും പഠിച്ചുവെന്നും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും രാഹുൽ പറഞ്ഞു. 39 ലക്ഷം പുതിയ ആളുകളെ ഒറ്റയടിക്ക് വോട്ടർ പട്ടികയിൽ ചേർത്തുവെന്നും ഇത് അട്ടിമറിയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു.

2019 നിയമസഭ തെരഞ്ഞെടുപ്പിനും 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുമിടെ 32 ലക്ഷം വോട്ടർമാരാണ് പുതിയതായി പട്ടികയിൽ ചേർക്കപ്പെട്ടത്. എന്നാൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള 5 മാസത്തിനിടെ 39 ലക്ഷം വോട്ടർമാരെ പുതിയതായി ചേർത്തു. ഏതാണ് ഈ 39 ലക്ഷം വോട്ടർമാരെന്നും രാഹുൽ ചോദിച്ചു. ഹിമാചൽപ്രദേശിലെ ആകെയുള്ള വോട്ടർമാരുടെ എണ്ണത്തിന് തുല്യമായ കണക്കാണ് ഇതെന്നും രാഹുൽ ആരോപിച്ചു.

മഹാരാഷ്ട്രയിൽ ഇത്ര പെട്ടെന്ന് ഇത്രയധികം വോട്ടർമാർ എങ്ങനെയുണ്ടായി എന്ന് ചോദിച്ച രാഹുൽ മഹാരാഷ്ട്രയിലെ ആകെയുള്ള വോട്ടർമാരേക്കാൾ കൂടുതൽ വോട്ടർമാർ പട്ടികയിൽ വന്നതായും ആരോപിച്ചു. പട്ടികയിൽ നിന്ന് നിരവധി വോട്ടർമാരെ നീക്കം ചെയ്തു. പല ബൂത്തിലേയും വോട്ടർമാരെ മറ്റ് ബൂത്തുകളിലേക്ക് മാറ്റി. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുളളവരാണ് ഈ വോട്ടർമാർ. വോട്ടർപട്ടികയിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടും മറുപടി തരുന്നില്ല. കമ്മീഷൻ പ്രതികരിക്കാത്തതിന് പിന്നിൽ എന്തോ കാരണമുണ്ടെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശും എൻസിപി നേതാവ് ശരദ് പവാറും നേരത്തെ ഉന്നയിച്ചിരുന്നു. ഇക്കാര്യമാണ് രാഹുൽ ഇന്ന് ആവർത്തിച്ചത്.

SCROLL FOR NEXT