തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഇപ്പോൾ നടന്ന അന്വേഷണം പ്രഹസനമാണെന്നും, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണ വിധേയനായ ആളാണ് അന്വേഷിച്ചത്. പൂരം കലക്കിയതിന്റെ ഗൂഢാലോചന ഒളിപ്പിച്ചു വയ്ക്കുന്നു. ബിജെപിയെ തൃശൂരിൽ ജയിപ്പിക്കാൻ വേണ്ടിയാണ് പൂരം കലക്കിയതെന്നും. ആ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ ആള് തന്നെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഈ റിപ്പോർട്ടിന് യാതൊരു പ്രസക്തിയുമില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും വി. ഡി. സതീശൻ ആവശ്യപ്പെട്ടു. പൂരം കലക്കലിൽ നടന്നത് തട്ടിക്കൂട്ടിയ അന്വേഷണം. അതിന് സ്വീകാര്യതയില്ല. പൂരം കലക്കി വികാരം ഉണ്ടാക്കി ബിജെപിയെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ സിപിഎം നേതാക്കൾ ശരിയായ രീതിയിൽ ഇന്ത്യ മുന്നണിക്കൊപ്പം നിന്നവരാണ്. സംസ്ഥാന നേതാക്കൾ കേസുകൾ ഒതുക്കിത്തീർക്കാൻ ബിജെപിയുമായി കൂട്ടുകൂടുന്നു. സിപിഎം ചരിത്രത്തിലെ അങ്ങേയറ്റം വലിയ ജീർണ്ണതയിലേക്ക് പോകുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു ഭരണകക്ഷി എംഎൽഎയ്ക്ക് മുഖ്യമന്ത്രിയുടെ പരാതി ബോധിപ്പിക്കാൻ എത്രതവണ പത്രസമ്മേളനം നടത്തണം?. മുഖ്യമന്ത്രിയോട് പരാതി പറയാൻ വേണ്ടി മാത്രം പത്തോ ഇരുപതോ പത്രസമ്മേളനം ഭരണകക്ഷി എംഎൽഎ നടത്തി. മുഖ്യമന്ത്രി എംഎൽഎയ്ക്ക് മറുപടി നൽകാനും പത്രസമ്മേളനം നടത്തുന്നു. എന്താണ് സിപിഎമ്മിൽ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പി വി അൻവറിനെ മുന്നിൽ നിർത്തി പാർട്ടിയ്ക്ക് എതിരായ നീക്കം തടയാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിയമപരമായ മാർഗ്ഗങ്ങൾ ഉറപ്പായും തേടും. 24 ന് ബ്ലോക്ക് തലത്തിൽ കോൺഗ്രസ് സമരം നടത്തും. 28ന് തേക്കിൻകാട് മൈതാനത്തും സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.