NEWSROOM

മദ്യനയം മാറും മുൻപ് സ്ഥലം വാങ്ങി, മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയത് ഒയാസിസ് കമ്പനിക്കുവേണ്ടി: വി.ഡി. സതീശൻ

മാറിയ മദ്യ നയത്തിൻ്റെ ഭാഗമായി മദ്യ നിർമാണ ശാല തുടങ്ങുന്നത് മറ്റാരും അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


കഞ്ചിക്കോട് ബ്രൂവറി അനുമതിയിൽ സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒയാസിസ് കമ്പനിക്കുവേണ്ടിയാണ് സർക്കാർ മദ്യനയത്തിൽ മാറ്റം വരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒയാസിസ് കമ്പനി മാത്രാണ് മദ്യശാല തുടങ്ങുന്ന കാര്യം അറിഞ്ഞത്. മാറിയ മദ്യ നയത്തിൻ്റെ ഭാഗമായി മദ്യ നിർമാണ ശാല തുടങ്ങുന്നത് മറ്റാരും അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മദ്യനയം മാറും മുൻപ് ഒയാസിസ് കമ്പനി അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് അവർ എങ്ങിനെ അറിഞ്ഞു. കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. വിഷയത്തിൽ ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല. അവർക്ക് വേണ്ടി വാദിക്കുന്നത് എക്സൈസ് മന്ത്രി ആണെന്നും വി.ഡി. സതീശൻ പറ‍ഞ്ഞു.

പാലക്കാട് ഭൂഗർഭ ജലം ഇല്ലാത്തതിനാൽ എംപിയായിരിക്കെ ഒരുപാട് പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞിരുന്നു. സന്തുലിത പദ്ധതികൾ മാത്രമേ ഇവിടെ പറ്റൂ എന്ന് ആണ് അദ്ദേഹം അന്ന് പറഞ്ഞത്. മന്ത്രിയായപ്പോൾ എങ്ങനെ സാഹചര്യം മാറിയെന്നും വി.ഡി. സതീശൻ ചോദിച്ചു. ഭൂഗർഭ ജലം കുറവായ സ്ഥലത്ത് ആണ് വെള്ളം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ബ്രൂവറി തുടങ്ങാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയോര സമര യാത്രയുമായി സഹകരിക്കണമെന്നും അഭിവാദ്യം അർപ്പിക്കണമെന്നും ആവശ്യപ്പെട്ടത് പി.വി. അൻവറാണ്. യുഡിഎഫ് നേതാക്കളുമായി വിഷയം സംസാരിക്കുകയും അതിൽ തീരുമാനം എടുക്കുകയും ചെയ്തു. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കും. അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടും ഇല്ല തുറന്നിട്ടും ഇല്ല എന്നും വി.ഡി. സതീശൻ ആവർത്തിച്ചു.

SCROLL FOR NEXT