വടകരയിൽ സിപിഎം ജയിക്കാൻ ഉണ്ടാക്കിയ കുതന്ത്രമായിരുന്നു കാഫിർ സ്ക്രീൻഷോട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസിന് വലിയ പരാജയം ഉണ്ടായി. അത് മറികടക്കണമെന്നും സതീശൻ പറഞ്ഞു. വയനാട്ടിൽ രാജ്യം വിസ്മയിക്കുന്ന ഭൂരിപക്ഷത്തിലേക്ക് പ്രിയങ്ക ഗാന്ധിയെത്തും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൻ്റെ ഭൂരിപക്ഷം 10000 കടക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു
ALSO READ: പാർട്ടിയിൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ്; പാലക്കാട് പ്രചരണത്തിനെത്തില്ല: കെ. മുരളീധരൻ
തൃശൂർപൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയാണ്. മന്ത്രിമാരെ പോലും കടത്തിവിടാതെ പൊലീസ് സുരേഷ് ഗോപിക്ക് അകമ്പടി പോയി. അജിത് കുമാറിൻ്റെ കുതന്ത്രമാണ് പൂരം കലക്കലിന് പിന്നിൽ. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലെന്നാണോ? സുരേഷ് ഗോപി വത്സൻ തില്ലങ്കേരിക്കൊപ്പമെത്തി നാടകം കളിച്ചു. അന്ന് ബിജെപിയെ ജയിപ്പിക്കാനുള്ള കളമൊരുക്കലാണ് നടന്നതെന്നും സതീശൻ പറഞ്ഞു.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങില്ലെന്ന് കോൺഗ്രസ് നേതാവ് മുരളീധരൻ വ്യക്തമാക്കി. 'ഫിസിക്കൽ പ്രസൻസ്' ഇല്ലെങ്കിലും സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് ചെയ്യും. വയനാട്ടിൽ പ്രചരണത്തിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.