NEWSROOM

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ യോജിപ്പില്ലെന്ന് പ്രതിപക്ഷം

പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മീഷനുകളുള്ള നാടാണ് കേരളമെന്നും വി.ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്

മുനമ്പം വഖഫ് ഭൂമി പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം. ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഏകപക്ഷീയമായ തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടു പോകാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിത്. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മീഷനുകളുള്ള നാടാണ് കേരളം. പത്ത് മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന വിഷയം നീട്ടിക്കൊണ്ടു പോകുന്നത് സംഘപരിവാറിന് അവസരം നല്‍കാനാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

ജുഡീഷ്യല്‍ കമ്മീഷനെ അംഗീകരിക്കില്ലെന്ന് സമരക്കാരും വ്യക്തമാക്കിയിരുന്നു. പണം കൊടുത്തു വാങ്ങിയ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിക്കും വരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.


ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തി. മുഖ്യമന്ത്രിയും സര്‍ക്കാരും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷനെ വെച്ചത് തലയ്ക്ക് വെളിവില്ലാത്ത തീരുമാനമാണ്. ജനങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്.

സര്‍ക്കാരും പ്രതിപക്ഷവും വഖഫ് ബോര്‍ഡിനൊപ്പമാണെന്നാണ് ബിജെപി അധ്യക്ഷന്റെ ആരോപണം. ബിജെപി പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. എല്ലാ വശവും പരിശോധിച്ച് ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇതിനായി ജുഡീഷ്യല്‍ കമ്മീഷനല്ലാതെ മറ്റൊരു പോംവഴി ഇല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ റവന്യു, നിയമ, വഖഫ് മന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലെ വിലയിരുത്തല്‍.

മുനമ്പത്ത് കൈവശാവകാശമുള്ള എല്ലാവര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും യോഗത്തിന് ശേഷം മന്ത്രി പി. രാജീവ് പറഞ്ഞു.

അതേസമയം, നേരത്തേ നല്‍കിയ നോട്ടീസുകളില്‍ തുടര്‍ നടപടിയുണ്ടാകില്ലെന്നും പുതിയ നോട്ടീസ് നല്‍കില്ലെന്നും വഖഫ് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT