ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വധശ്രമ കേസിലെ പ്രതിയെയും കാപ്പ കേസിലെ പ്രതിയെയും പാർട്ടിയിൽ സ്വീകരിച്ച സംഭവത്തിലാണ് വിമർശനം. ഒരു മന്ത്രിയാണ് ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നതും, തണലൊരുക്കുന്നതും. മന്ത്രി മാലയിട്ടതിൻ്റെ തൊട്ടടുത്ത ദിവസം അതിലൊരാൾ കഞ്ചാവ് കേസിലും പ്രതിയായി. കേരളത്തിൽ രണ്ടായിരത്തിലധികം ഗുണ്ടകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്രിമിനലുകൾക്ക് എല്ലാം ചെയ്തു കൊടുക്കുന്നത് സർക്കാരാണ് എന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് എല്ലാ ക്ഷേമ നിധികളും തകർച്ചയിലാണ്. അശ്വാസ കിരണം പദ്ധതിയിലൂടെയും ആർക്കും പണം കിട്ടുന്നില്ല. മാവേലി സ്റ്റോറിൽ ആവശ്യത്തിന് സാധനങ്ങൾ ഇല്ല. എന്നാൽ ബിവറേജ് സ്റ്റോറിലെ അലമാരയിൽ എല്ലാം നിറഞ്ഞിരിക്കുകയാണ്. എത്ര നാളായി സർക്കാറിൻ്റെ ചന്ത കണ്ടിട്ട് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു വശത്ത് രൂക്ഷമായ വിലക്കയറ്റം. പൊതു വിതരണം സംവിധാനവും താറുമാറാക്കി. സർക്കാറിൻ്റെ ഒരു എജൻസിയെങ്കിലും ഇതിനായി പ്രവർത്തിക്കുന്നുണ്ടോ. ഇലക്ട്രിസിറ്റി ചാർജ് വർധിപ്പിച്ചു. സർക്കാർ വൈദ്യുതി മേഖലയിൽ 40, 000 കോടി കടം ഉണ്ടാക്കി എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മന്ത്രി എം.ബി. രാജേഷിനെതിരെയും പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിച്ചു. 20 ഇരട്ടിയാണ് പെർമിറ്റ് ഫീസ് കൂട്ടിയതെന്നും, എന്നാൽ പെർമിറ്റ് ഫീസ് കുറച്ചെന്ന് പറയാൻ മന്ത്രിക്ക് നല്ല തൊലിക്കട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ പണി കിട്ടിയപ്പോഴാകും ഫീസ് കുറച്ചത്. ലോകസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് പിടിക്കാനായിരുന്നു താൽപര്യം. എന്നാൽ ഇപ്പോൾ ഭൂരിപക്ഷ വോട്ടുകൾക്കാണ് സർക്കാർ പരിശ്രമിക്കുന്നത് എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.