സർക്കാരിനെയും ശിശുക്ഷേമ സമിതിയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം സ്‌പോൺസേർഡ് ക്രിമിനലുകളുടെ ആസ്ഥാനമായി യൂണിവേഴ്‌സിറ്റി കോളേജും, ശിശുക്ഷേമ സമിതിയും മാറി. പൊലീസ് ക്രിമിനലുകൾക്ക് കൂട്ടുനിൽക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ശിശു ക്ഷേമ സമിതി ക്രിമിനലുകളുടെ താവളമാണ്. കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്ന വൃത്തികെട്ട സ്ഥലമായി അത് മാറി. പാർട്ടിക്കകത്ത് സ്വാധീനമുണ്ടെങ്കിൽ കുഞ്ഞിനോട് പോലും ക്രൂരത കാണിക്കാൻ പറ്റുന്ന സ്ഥിതി കേരളത്തിന് അപമാനമാണ്. ശിശുക്ഷേമ സമിതി അടിയന്തരമായി പിരിച്ചുവിടണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ALSO READ: ജോലിക്കിടയില്‍ ഫോണില്‍ കളി വേണ്ട; ഹൈക്കോടതി ജീവനക്കാർ ഓഫീസില്‍ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കുന്നത് വിചിത്രമായ തീരുമാനമാണ്. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുമെന്നതിന്റെ അർത്ഥം സർക്കാരിന് വീഴ്ച ഉണ്ടായി എന്നതാണ്. കോടിക്കണക്കിന് രൂപയുടെ ഭൂമി സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും കൊടുക്കാനുള്ള ഗൂഢമായ നീക്കമാണ് ഇതിന് പിന്നിലെന്നും വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിയിൽ നിന്നും പിന്മാറാനുള്ള കാരണം മുഖ്യമന്ത്രി ജനങ്ങളോട് പറയണം. പദ്ധതിയിൽ എന്ത് മോണിറ്ററിംഗ് ആണ് നടത്തിയത് എന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഒരു പണിയും ചെയ്യാത്ത കമ്പനിക്ക് എന്തിനാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്രയും പ്രധാനപ്പെട്ട പദ്ധതിയിൽ നിന്ന് പിന്മാറുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊതുസമൂഹത്തിനോ മാധ്യമങ്ങൾക്കോ നൽകിയിട്ടില്ല. ടീകോം കമ്പനിക്ക് വേണ്ടിയല്ല താൻ വാദിക്കുന്നത്. എവിടെയാണ് പരാജയപ്പെട്ടതെന്ന് സർക്കാർ വ്യക്തമാക്കണം. സംഭവത്തിൽ വിശദമായ ചർച്ചകൾ വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നഷ്ടപരിഹാരം കൊടുക്കാമെന്നുള്ള മന്ത്രിസഭാ യോഗത്തിലെ തീരുമാനം നടക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ALSO READ: 'കുറ്റക്കാർക്കെതിരെ കർശന നടപടി'; തിരുവനന്തപുരം ശിശുക്ഷേമ സമിതി സന്ദർശിച്ച് മന്ത്രി വീണ ജോർജ്
സിൽവർ ലൈൻ നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയും, ഹിന്ദു പത്ര വിവാദത്തിലും പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചു. കേന്ദ്രത്തിന്റെ അനുമതി വാങ്ങി വന്നാലും കേരളത്തിൽ സിൽവർ ലൈൻ നടപ്പിലാക്കാൻ സമ്മതിക്കില്ല. കേരളത്തെ പാരിസ്ഥിതികമായും, സാമ്പത്തികമായും തകർക്കാൻ അനുവദിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പറയാത്ത കാര്യം ആരാണ് മുഖ്യമന്ത്രിയുടെ പേരിൽ ഹിന്ദു പത്രത്തിൽ എഴുതിക്കൊടുത്തത്. അവർക്കെതിരെ കേസ് കൊടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. എഴുതികൊടുത്തയാളെ ഫോണിൽ വിളിച്ച് പട്ടിൽ പൊതിഞ്ഞ ശകാരം പോലും മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കേസ് കൊടുക്കുന്നില്ല എന്നതിന് അർത്ഥം മുഖ്യമന്ത്രിയുടെ അറിവോടെയാണ് പത്രത്തിൽ അഭിമുഖം വന്നത് എന്നാണ്. കേരളത്തിനെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ ശ്രമമാണ് മുഖ്യമന്ത്രിയും പ്രവർത്തിച്ചതെന്നും, സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് ഇതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ALSO READ: ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് വൈദ്യപരിശോധന നടത്താന്‍ തീരുമാനം; വിദഗ്ധ ടീമിനെ നിയോഗിക്കും
ചൂരൽമല ദുരന്തത്തിലെ കേന്ദ്ര അവഗണനയിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അവഗണനയ്ക്കെതിരെ ആദ്യം സംസാരിച്ചത് കേരളത്തിലെ പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രി മൗനത്തിൽ ആയിരുന്നു. പ്രിയങ്ക ഗാന്ധി അമിത്ഷായെ കണ്ട് ഇന്നലെയും അതേപ്പറ്റിയുള്ള ആവശ്യം അറിയിച്ചു. ദുരിതബാധിതർക്കായുള്ള ഒരു പുനരധിവാസ പ്രവർത്തനവും നടക്കുന്നില്ല. എല്ലാ പ്രവർത്തനവും മന്ദഗതിയിലാണ്. അവസാനഘട്ടം വരെ സർക്കാരിന്റെ കൂടെ പ്രതിപക്ഷം നിന്നു. എന്നാൽ വാചകമടി മാത്രമാണ് സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.