വടകരയിലെ കാഫിർ പോസ്റ്റർ വിവാദം സംബന്ധിച്ച ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ മറുപടി പറയാതെ സർക്കാർ. കെകെ ലതികയെ പൂർണമായി ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എംബി രാജേഷ് മറുപടി നൽകിയത്. വർഗീയതയെ എതിർക്കുന്ന പോസ്റ്റാണ് ലതികയുടേതെന്നും മന്ത്രി വിശദീകരിച്ചു. ചോദ്യോത്തര വേളയെ ഭരണപക്ഷം ദുരുപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പോസ്റ്റർ വിവാദത്തിൽ മുൻ എംഎൽഎ കെകെ ലതികയെ പൂർണമായി പിന്തുണച്ചായിരുന്നു മന്ത്രി എംബി രാജേഷിൻ്റെ മറുപടി. വർഗീയ പ്രചരണത്തിന് എതിരായാണ് കെകെ ലതിക പോസ്റ്റിട്ടതെന്ന്, ഫേയ്സ്ബുക്ക് പോസ്റ്റ് നിയമസഭയിൽ വായിച്ച് മന്ത്രി മറുപടി നൽകി. പൊലീസ് ഫലപ്രദമായിട്ടാണ് ഇടപെട്ടത്. ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കണം. അത് ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി.
പ്രതിപക്ഷ ചോദ്യത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കേസ് ഭരണപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിച്ചു. ചോദ്യോത്തര വേളയെ ദുരുപയോഗപ്പെടുത്താൻ മന്ത്രിയും ഭരണപക്ഷ അംഗങ്ങളും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വസ്തുതാപരമായി മറുപടി പറയുമ്പോൾ പ്രതിപക്ഷത്തിന് നോവുന്നതെന്തിനെന്ന ചോദ്യമുയർത്തിയാണ് മന്ത്രി പ്രതിരോധിച്ചത്. കൃത്യമായ ചോദ്യമുന്നയിക്കുമ്പോൾ നാട്ടിലെ സൈബർ കേസുകളെക്കുറിച്ചാണ് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു.