അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ 
NEWSROOM

ഹിമന്ത ബിശ്വ ശർമ്മയുടെ അസമിലെ മുസ്ലീം ജനസംഖ്യ പരാമർശം ഭരണ പരാജയങ്ങൾ മറച്ചുവെക്കാനെന്ന് പ്രതിപക്ഷം

പ്രസ്താവന തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സുസ്മിത ദേവും രംഗത്തെത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

അസമിലെ മുസ്ലീം ജനസംഖ്യ ഗണ്യമായി വർധിച്ചെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണങ്ങൾ മറ്റു പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെശ്രദ്ധ തിരിക്കുന്നതിനായാണെന്ന് പ്രതിപക്ഷം. തൻ്റെ പരാജയങ്ങൾ മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ആരോപിച്ചു.

പ്രളയം, മണ്ണൊലിപ്പ് പ്രശ്നം, തൊഴിലില്ലായ്മ, തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ ദിവസ വേതനം, ആറ് സമുദായങ്ങൾക്ക് പട്ടികവർഗ പദവി നൽകൽ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലെ പരാജയങ്ങൾ മറച്ചുവെക്കാനാണ് ശർമ്മ ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും, അല്ലാതെ ആശങ്ക കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സുസ്മിത ദേവും രംഗത്തെത്തിയിട്ടുണ്ട്. ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസ്താവന തെറ്റാണെന്ന് വാദിച്ച അവർ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021-ൽ ഇന്ത്യാ ഗവൺമെൻ്റ് നടത്തേണ്ട സെൻസസ് നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പിന്നെ ഈ 40 ശതമാനത്തിന്റെ കണക്ക് എവിടെ നിന്ന് വന്നെന്നും സുസ്മിത ദേവ് ചോദിച്ചു.

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ റാഞ്ചിയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അസമിലെ മുസ്ലിം ജനസംഖ്യ വർധനവിൽ ആശങ്ക പ്രകടിപ്പിച്ചത്. ജനസംഖ്യ അനുപാതത്തിൽ മാറ്റങ്ങൾ വലിയ പ്രശ്‌നമാണെന്നും, എന്നാൽ അത് രാഷ്ട്രീയ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SCROLL FOR NEXT