ലോക്‌സഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം. മഹാകുംഭമേളയ്ക്കിടെയുണ്ടായ ദുരന്തം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം. സഭ നിര്‍ത്തിവെച്ച് ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
'കുംഭ് പേ ജവാബ് ദോ' (കുംഭമേളയില്‍ ഉത്തരം തരൂ) എന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ജനുവരി 29ന് കുംഭമേളയിലെ അമൃത് സാനാനിടെയുണ്ടാ തിക്കിലും തിരക്കിലുംപെട്ട് 30ഓളം പേര്‍ മരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ എത്രയോ വലുതാണ് ശരിക്കുമുള്ള മരണസംഖ്യയെന്നും ഈ കണക്കുകള്‍ അധികൃതര്‍ പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
സഭാ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റ് അവതരണത്തിനിടെ സമാജ് വാദി പാര്‍ട്ടിയും കുംഭമേളക്കിടെയുണ്ടായ ദുരന്തത്തില്‍ പ്രതിഷേധിച്ച് വാക്ക് ഔട്ട് നടത്തിയിരുന്നു.