NEWSROOM

"വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനം"; റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലിയെന്ന് പ്രതിപക്ഷ നേതാവ്

മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ സർക്കാരിൻ്റെ നിസംഗത അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്


അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആളുകൾ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രി സ്ഥാനത്ത് ഇരിക്കുന്നതെന്തിനെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നതാണ് സർക്കാർ സമീപനമെന്നും കുറ്റപ്പെടുത്തി.


കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാരും വനം വകുപ്പുമാണ് ഇതിൽ ഒന്നാം പ്രതി.

ഈ വർഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്. ഫെബ്രുവരി മാസത്തിൽ ഒരാഴ്ചയിൽ അഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ ചെറുവിരൽ അനക്കിയില്ല. മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ സർക്കാരിൻ്റെ നിസംഗത അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

അതേ സമയം അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി കാട്ടാനയെ കണ്ട ഇരുവരും ഓടിയിരുന്നു. രാവിലെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ എന്നയാൾ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

SCROLL FOR NEXT