NEWSROOM

ഉമ തോമസിന് പരുക്കേറ്റ സംഭവം: സംഘാടകര്‍ക്ക് വീഴ്ച, സുരക്ഷ ഒരുക്കിയില്ല; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നു. ഇതിൽ പലതും പാലിക്കപ്പെട്ടിട്ടില്ല

Author : ന്യൂസ് ഡെസ്ക്


കലൂരിൽ ഉമ തോമസ് എംഎൽഎ വീണ് പരുക്ക് പറ്റിയ സംഭവത്തിൽ സംഘാടകരും ഇവൻ്റ് മാനേജ്മെന്റും മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണർ. പരിപാടിക്കായി സംഘാടകർ അനുമതി എടുത്തോ എന്ന് അന്വേഷിക്കുകയാണ്. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ജിസിഡിഎ) 24 നിർദേശങ്ങൾ നൽകിയിരുന്നു. ഇതിൽ പലതും പാലിക്കപ്പെട്ടിട്ടില്ല. പരിപാടിക്കായി 43 പോലീസുകാരെ വിന്യസിച്ചിരുന്നു. 150 വാളണ്ടിയർമാരും ഉണ്ടായിരുന്നു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. അനുമതി വാങ്ങാത്തത് ശരിയല്ല. സം​ഭവത്തിൽ പാലാരിവട്ടം പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കൊച്ചി പൊലീസ് കമ്മീഷണർ അറിയിച്ചു. പരിപാടിയിൽ ദിവ്യ ഉണ്ണിയുടെ പങ്ക് അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

സംഭവത്തിൽ ഓസ്കാർ ഈവൻ്റ് മാനേ​ജർ കൃഷ്ണകുമാറിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്റ്റേജ് നിർമിച്ച ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുളന്തുരുത്തി സ്വദേശി ബെന്നിയെ ആണ് അറസ്റ്റ് ചെയ്തത്. ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ എം. നിഗോഷ് കുമാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

അതേസമയം, മൃദംഗനാദം മൃദംഗവിഷൻ പരിപാടിയുടെ പേരിൽ നടത്തിയത് കൊള്ള പിരിവെന്ന് കണ്ടെത്തൽ. ഒരു കോടിയിലധികം രൂപയാണ് പരിപാടിയുടെ പേരിൽ സംഘാടകർ പിരിച്ചത്. ഓരോ കുട്ടികളിൽ നിന്നും 3,600 രൂപ വാങ്ങിയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ടിക്കറ്റ് നിരക്കായി കാഴ്ചക്കാരിൽ നിന്ന് ഈടാക്കിയത് 140 മുതൽ 300 വരെ. സർക്കാർ പരിപാടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസമാണ് കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേൾഡ് റെക്കോർഡിനായി 12000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച 'മൃദംഗനാദം മൃദംഗവിഷൻ' മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്.

വിഐപികൾക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎൽഎ കാൽവഴുതി താഴെയുള്ള കോൺക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തിൽ നിന്നാണ് ഉമ തോമസ് വീണത്.

SCROLL FOR NEXT