പള്ളിതർക്കവിഷയത്തിൽ എത്രയും വേഗം കോടതിവിധി നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭ. ആറ് പള്ളികളിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തികൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി നടപ്പാക്കണമെന്നാണ് സഭയുടെ ആവശ്യം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗവും നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സഭയുടെ പ്രതികരണം. കോടതി വിധി സർക്കാരിൻറെ കണ്ണുതുറപ്പിക്കുന്നതാണെന്നും വിധി നടപ്പിലാക്കാൻ അധികാരികൾ ശ്രമിക്കണമെന്നും എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോക്ടർ യൂഹാന്നാൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.
എറണാകുളം-പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ തർക്കം നിലനിൽക്കുന്ന ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി സിഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് യാക്കോബായ സഭയും സര്‍ക്കാരും അപ്പീല്‍ നല്‍കിയത്. എന്നാൽ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത് കുമാര്‍ എന്നിവരുടെ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
സഭാ തർക്കത്തിൽ എറണാകുളം പാലക്കാട് കളക്ടര്‍മാരെ സ്വമേധയാ കക്ഷി ചേര്‍ത്തുകൊണ്ടായിരുന്നു നേരത്തെ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് പുറത്തെത്തിയത്. സഭാ അധികൃതര്‍ നല്‍കിയ കോടതിയലക്ഷ്യ പരാതിയിലായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.
പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, ഉത്തരവ് പുറത്തുവന്നിട്ടും പള്ളികള്‍ അതാത് സഭകള്‍ക്ക് കൈമാറാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. യാക്കോബായക്കാരുടെ പ്രതിരോധത്തെ തുടര്‍ന്ന് പള്ളികള്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പലവട്ടം പിന്മാറുകയായിരുന്നു.