NEWSROOM

ഓസ്‌കാര്‍ ജേതാവായ പലസ്തീന്‍ സംവിധായകനു നേരെ ആക്രമണം; ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

ആക്രമിക്കാനെത്തിയവരെ തടയാന്‍ ശ്രമിച്ചതായിരുന്നു ഹംദാന്‍. ആള്‍ക്കൂട്ടം ഹംദാനെ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഓസ്‌കാര്‍ ജേതാവായ പലസ്തീന്‍ സംവിധായകനെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍. സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെയാണ് അറസ്റ്റ് ചെയ്തത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കര്‍ഷകരില്‍ നിന്ന് ആടുകളെ മോഷ്ടിക്കാന്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു സംഭവം.

ഓസ്‌കാര്‍ നേടിയ 'നോ അദര്‍ ലാന്‍ഡ്' എന്ന ഡോക്യുമെന്ററിയുടെ നാല് സംവിധായകരില്‍ ഒരാളാണ് ഹംദാന്‍. ഹെബ്രോണിന് സമീപത്തുള്ള ഗ്രാമമായ സുസിയയില്‍ നോമ്പുതുറ ചടങ്ങിന് എത്തിയതായിരുന്നു സംവിധായകന്‍. നോമ്പുതുറ നടക്കുന്നതിനിടയില്‍ ഒരുകൂട്ടം ആളുകള്‍ എത്തി സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്ന് സുസിയ ലോക്കല്‍ കൗണ്‍സില്‍ തലവന്‍ ജിഹാദ് നവാജ പറഞ്ഞു.

ആക്രമിക്കാനെത്തിയവരെ തടയാന്‍ ശ്രമിച്ചതായിരുന്നു ഹംദാന്‍. ആള്‍ക്കൂട്ടം ഹംദാനെ ആക്രമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹംദാന്‍ അടക്കം മൂന്ന് പേരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹംദാന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ കുടിയേറ്റക്കാര്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ബല്ലാലിനെ ഇസ്രായേല്‍ സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും കുടുംബം ആരോപിച്ചു.

SCROLL FOR NEXT