NEWSROOM

ഡൽഹിയിൽ 40ഓളം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ഇമെയിൽ വഴി; വിദ്യാർഥികളെ തിരിച്ചയച്ചു

ഡിപിഎസ് ആർകെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക എന്നിവ ഉൾപ്പെടെയുള്ള 44 സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്

Author : ന്യൂസ് ഡെസ്ക്



ഡൽഹിയിൽ 40ഓളം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി 11.30ഓടെ, ഇമെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർ വിദ്യാർഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു.


ഡിപിഎസ് ആർകെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക എന്നിവ ഉൾപ്പെടെയുള്ള 44 സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്. ബോംബുകൾ ചെറുതാണെന്നും, അവ ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്നുമാണ് ഇമെയിലിൽ പറഞ്ഞിരിക്കുന്നത്. ബോംബുകൾ കെട്ടിടത്തിന് വലിയ കേടുപാടുകൾ വരുത്തിയേക്കില്ല, എന്നാൽ ഇവ ആളുകൾക്ക് പരുക്കേൽപ്പിച്ചേക്കും. ബോംബുകൾ നിർവീര്യമാക്കാൻ 30,000 ഡോളർ നൽകണമെന്നും ഇമെയിലിൽ ആവശ്യമുണ്ടായിരുന്നു.

ഭീഷണിക്ക് പിന്നാലെ ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്‌കൂളുകളിലെത്തി തെരച്ചിൽ നടത്തി. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇമെയിൽ സന്ദേശത്തിന് പിന്നിലാരെന്ന് തെരയുകയാണ് ഡൽഹി പൊലീസ്.


അടുത്തിടെ പ്രശാന്ത് വിഹാറിലെ സിപിആർഎഫ് സ്കൂളിന് സമീപം സ്ഫോടനമുണ്ടായിരുന്നു. സ്ഫോടനത്തിന് ശേഷം സ്‌കൂളിൻ്റെ സമീപത്ത് നിന്നും വെള്ള നിറത്തിലുള്ള ഒരു പദാർഥം കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ സ്കൂളിൻ്റെ ചുറ്റുമതിൽ തകർന്നു.

SCROLL FOR NEXT