NEWSROOM

നെഹ്റു ട്രോഫി വള്ളംകളി; അട്ടിമറി ആരോപണത്തില്‍ വീയപുരം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും

മത്സരത്തിൻ്റെ സ്റ്റാർട്ടിംഗിലും അപാകതയുണ്ടെന്ന ആരോപണവുമായി നടുഭാഗവും രംഗത്തെത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

നെഹ്റു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി ആരോപിച്ച് വീയപുരം ചുണ്ടന്റെ തുഴക്കാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. നെഹ്റു ട്രോഫിയിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസം ഉണ്ടെന്ന് കാട്ടി കാരിച്ചാലിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. മത്സരത്തിൻ്റെ സ്റ്റാർട്ടിംഗിലും അപാകതയുണ്ടെന്ന ആരോപണവുമായി നടുഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

ചുണ്ടൻ വള്ളങ്ങൾ ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ വീയപുരം വിജയികൾ എന്നാണ് കാണികൾ കരുതിയത്. പിന്നാലെ ഔദ്യോഗിക സമയം എത്തി. അഞ്ച് മൈക്രോ സെക്കൻഡിന് കാരിച്ചാൽ വിജയികളായി. ഇതോടെയാണ് വീയപുരം പ്രതിഷേധം തുടങ്ങിയത്. കാരിച്ചാലിൻ്റെ വിജയം അംഗീകരിക്കില്ലെന്നും, വീഡിയോ കാണണമെന്നും വീയപുരം ആവശ്യമുന്നയിച്ചു. കുമരകം ടൗണ്‍ ബോട്ട് ക്ലബിൻ്റെ നടുഭാഗവും വിജയത്തിൽ പ്രതിഷേധമറിയിച്ചു.


കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി കാരിച്ചാലിനെ വിജയികളായി പ്രഖ്യാപിച്ചു. തുടർന്ന് വീയപുരത്തിന് വേണ്ടി തുഴയെറിഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പ്രതിഷേധിക്കുകയും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു. നെഹ്റു പവലിയൻ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനും വീയപുരത്തിൻ്റെ 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചത് തടയണം, വിധി പുനഃപരിശോധിക്കണം, പൊലീസ് അകാരണമായി തുഴച്ചിൽക്കാരെ മർദിച്ചതിൽ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങളുമായിട്ടാണ് വീയപുരം ഹർജി നൽകുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാലിനെ ജേതാക്കളാക്കാനുള്ള ശ്രമമാണ് സംഘാടകർ നടത്തിയതെന്നും പൊലീസ് അകാരണമായി മർദിച്ചെന്നും ചൂണ്ടിക്കാട്ടി ബോട്ട് റേസ് കമ്മിറ്റി തലവനായ കലക്ടർക്ക് വീയപുരം ക്യാപ്റ്റൻ പി.വി. മാത്യു പരാതി നൽകിയിട്ടുണ്ട്.

അതേസമയം, നെഹ്റു ട്രോഫി വള്ളംകളി ഫൈനലിൽ സ്റ്റാർട്ടിംഗിൽ പിഴവുണ്ടെന്ന് കുമരകം ടൗൺ ബോട്ട് ക്ലബും ആരോപിച്ചു. ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്റെ ട്രാക്കിൽ ഒരു ബോട്ട് തടസമായി നിന്നത് അറിയിച്ചിട്ടും അത് പരിഗണിക്കാതെ മത്സരം ആരംഭിച്ചെന്നും ഇതുകാരണം തങ്ങളുടെ സ്റ്റാർട്ടിംഗ് വൈകിയെന്നുമാണ് നടുഭാഗത്തിന്റെ പരാതി. ഇത് സംബന്ധിച്ച് ബോട്ട് റേസ് കമ്മിറ്റിക്ക് നടുഭാഗവും പരാതി നൽകിയിട്ടുണ്ട്.

ALSO READ: വിജയം അംഗീകരിക്കാനാകില്ല; ഫോട്ടോ ഫിനിഷിൽ കാരിച്ചാലിൻ്റെ വിജയത്തിനെതിരെ പ്രതിഷേധവുമായി വീയപുരം


അഞ്ച് മൈക്രോ സെക്കൻഡിൻ്റെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ വീയപുരത്തെ മറികടന്ന് ഇത്തവണ ജേതാക്കളായത്. ഇത് തുടർച്ചയായ അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നെഹ്രു ട്രോഫി കിരീടം സ്വന്തമാകുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാല്‍, നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം, വിബിസി കൈനകരിയുടെ വീയപുരം, കുമരകം ടൗണ്‍ ബോട്ട് ക്ലബിൻ്റെ നടുഭാഗം എന്നീ നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഇത്തവണ നെഹ്റു ട്രോഫിയിൽ 19 ചുണ്ടൻ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് പങ്കെടുത്തത്.


SCROLL FOR NEXT