ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായക വിജയം നേടാൻ സഹായിച്ചത് എഎപിയും കോൺഗ്രസും കൈകോർക്കുന്നതിൽ പരാജയപ്പെട്ടതാണെന്ന് വ്യക്തമാണ്. എന്നാൽ പല മണ്ഡലങ്ങളിലും എഎപിയുടെ വോട്ട് കുറയാൻ കാരണമായത് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ അഥവാ എഐഎംഐഎം ആണ്. തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും എഐഎംഐഎമ്മിന്റെ സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തി. ഇതിലൊന്നില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ച് പോയതോടെ 40 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുള്ള മണ്ഡലത്തില്‍ ബിജെപി വിജയിക്കുകയും ചെയ്തു.
ഡൽഹി തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർഥികളെയാണ് എഐഎംഐഎം നിർത്തിയത്. ഓഖ്‌ലയിൽ ഷിഫ ഉർ റഹ്മാൻ ഖാനും മുസ്തഫാബാദിൽ താഹിർ ഹുസൈനും. 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കപ്പെട്ട രണ്ട് സ്ഥാനാർത്ഥികളും നിലവിൽ ജയിലിലാണ്. കോൺഗ്രസിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാനും മൂന്നാം സ്ഥാനത്തെത്താനും എഐഎംഐഎം ഈ രണ്ട് സ്ഥാനാർഥികൾക്കും കഴിഞ്ഞു.
ഓഖ്‌ലയിൽ ആം ആദ്മി നേതാവും സിറ്റിങ് എംഎൽഎയുമായ അമാനത്തുള്ള ഖാൻ 23,639 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ മനീഷ് ചൗധരിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, നിലവിൽ തിഹാർ ജയിലിലുള്ള ഷിഫ ഉർ റഹ്മാൻ ഖാൻ 39,558 വോട്ടുകൾ നേടിയാണ് മൂന്നാം സ്ഥാലത്തെത്തിയത്. കോൺഗ്രസിന്റെ അരിബ ഖാന് ലഭിച്ചതാകട്ടെ 12,739 വോട്ടുകളാണ്.
മുസ്തഫാബാദ് സീറ്റിൽ കൂടുതൽ ആവേശകരമായ മത്സരമാണ് നടന്നത്. 40 ശതമാനം മുസ്ലീം ജനസംഖ്യയുള്ള മുസ്തഫാബാദില്‍ ബിജെപിയുടെ മോഹൻ സിങ് ബിഷ്ത് 17,578 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആം ആദ്മിയുടെ അദീൽ അഹമ്മദ് ഖാൻ 67,637 വോട്ടുകൾ നേടിയപ്പോൾ എഐഎംഐഎമ്മിന്റെ താഹിർ ഹുസൈന് ലഭിച്ചത് 33,474 വോട്ടുകളാണ്. ഇവിടെ കോൺഗ്രസിന്റെ അലി മെഹ്ദിക്ക് ലഭിച്ചതാകട്ടെ 11,763 വോട്ടുകളും.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനായി രണ്ട് എഐഎംഐഎം സ്ഥാനാർഥികൾക്കും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പാർട്ടി നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് അവർ പ്രചരണത്തിനിറങ്ങിയത്.