അടുത്തേക്ക് വിളിച്ചിട്ട് വരാത്തതിന് വളർത്തു നായയുടെ ദേഹമാസകലം വെട്ടിപ്പരിക്കേൽപ്പിച്ച് ഉടമ. തെരുവിൽ ഉപേക്ഷിച്ച നായയെ അനിമൽ റെസ്ക്യൂ സംഘമെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇടുക്കി തൊടുപുഴയിലാണ് സംഭവം. തൊടുപുഴ പൊലീസ് അനിമൽ റെസ്ക്യൂ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു.
വിളിച്ചിട്ട് അടുത്തുവരാത്തതിൽ പ്രകോപിതനായാണ് വളർത്തുനായയോട് ഉടമയുടെ ക്രൂരത. ദേഹമാസകലം വെട്ടേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അനിമൽ റെസ്ക്യൂ സംഘം നായയെ കണ്ടെടുക്കുന്നത്. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഘം സ്ഥലത്തെത്തി നായയുടെ രക്ഷകരായത്. തുടർന്ന് സ്വകാര്യ വെറ്റിനറി ആശുപത്രിയിലെത്തിച് അടിയന്തര ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
അനിമൽ റെസ്ക്യൂ സംഘത്തിന്റെ പരാതിയിൽ നായയെ ഉപദ്രവിച്ചതിന് ഷൈജു തോമസ് എന്നയാൾക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. ഇത്തരം മിണ്ടാപ്രാണികൾക്കായി പലപ്പോഴും രക്ഷയാകുമ്പോഴും റെസ്ക്യൂ സംഘത്തിന് വലിയ വെല്ലുവിളികൾ ആണെന്ന് ഇവർ പറയുന്നു. ജില്ലാ വെറ്റിനറി ആശുപത്രിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും അതിനാൽ പലപ്പോഴും സ്വകാര്യ ആശുപത്രിയെയാണ് റെസ്ക്യൂ സംഘത്തിന് ആശ്രയിക്കേണ്ടിവരുന്നതെന്നും ഇവർ പറയുന്നു.