NEWSROOM

"മാതൃകാ വ്യക്തിത്വത്തിന് ഉടമ, ലോകജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു"; ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയ്ക്കും വിശ്വാസി സമൂഹത്തിനുമൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പിണറായി വിജയൻ പറഞ്ഞു. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയ്ക്കും വിശ്വാസി സമൂഹത്തിനുമൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.



"മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്," പിണറായി വിജയൻ പറഞ്ഞു.

"പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു," മുഖ്യമന്ത്രി അറിയിച്ചു.

സജി ചെറിയാൻ

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകൻ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന ജനതയെ അദ്ദേഹം ചേർത്തു പിടിച്ചു. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോകജനതയുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.

വി.ഡി സതീശൻ

ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ. അഞ്ചര പതിറ്റാണ്ടിലധികം നീണ്ട വൈദിക ജീവിതം. ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയന്‍. 21-ാം നൂറ്റാണ്ടില്‍ സമാധാനത്തിന്റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം എല്ലാവരേയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്റെ ഉടമ കൂടിയായിരുന്നു. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.


എം.വി. ഗോവിന്ദൻ

മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം ലോകമാകെ പരത്തിയ വലിയ മനുഷ്യ സ്നേഹിയെയാണ് ‌ ഫ്രാൻസിസ്‌ മാർപാപ്പയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്‌.

ആഗോള കത്തോലിക്കാ സഭയെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പയ്ക്ക്‌ സാധിച്ചു. സർവേരേയും സ്നേഹിക്കുകയും അശരണർക്കും വേദനയനുഭവിക്കുന്നവർക്കും ഒപ്പം നിൽക്കുകയും സഭയിൽ പുരോഗമനപരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്‌ത മാർപ്പാപ്പയായിരുന്നു അദ്ദേഹം. സ്ത്രീ പൗരോഹിത്യമടക്കമുള്ള കാര്യങ്ങളിൽ പുരോഗമന നിലപാട്‌ സ്വീകരിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു.

പലസ്തീനിലടക്കം ചൂഷണമനുഭവിക്കുന്ന മനുഷ്യരോട്‌ ഐക്യപ്പെടാനും അവർക്കുവേണ്ടി ശബ്ദിക്കാനും മാർപാപ്പയ്ക്ക്‌ സാധിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഈസ്റ്റർദിനത്തിൽ നൽകിയ സന്ദേശത്തിലും സമാധാനത്തിന്‌ വേണ്ടിയുള്ള ആഹ്വാനമാണ്‌ അദ്ദേഹം നൽകിയത്‌. ലോകമെമ്പാടും സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ളതാണ്‌ ഇത്തവണത്തെ ഈസ്റ്റർദിന സന്ദേശമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. വ്യക്തിപരമായ അവശതകൾക്കിടയിലും ലോകസമാധാനം പുലരണമെന്ന മഹത്തായ സന്ദേശമാണ്‌ അദ്ദേഹം മനുഷ്യ സമൂഹത്തിന്‌ കൈമാറിയത്‌.

ഫ്രാൻസിസിസ്‌ മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന വിശ്വാസ സമൂഹത്തിനും ലോകമാകെ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ലോകത്തിനാകെ വഴിവിളക്കായി മാറിയ മാർപാപ്പയുടെ ഓർമകൾക്ക്‌ മുന്നിൽ ശിരസ്‌ നമിക്കുന്നു.

രാജീവ് ചന്ദ്രശേഖർ

മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണ്.അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ മൂർത്തീഭാവമായിരുന്നു അദ്ദേഹം.  സ്നേഹവും കരുതലും പ്രസരിപ്പിക്കുന്ന ഊഷ്മള സാന്നിധ്യമായിരുന്നു.  ലോകത്തിന് ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടത്.

ബിനോയ് വിശ്വം

ഫ്രാൻസിസ് മാർപാപ്പ വ്യത്യസ്തനായ സഭാതലവനാണ്. സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിച്ച രീതി മാർപാപ്പയെ വ്യത്യസ്തനാക്കുന്നു. ക്രിസ്തുവിൻറെ പാത പാവങ്ങളുടെ കൈ ചേർത്തു പിടിക്കൽ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ തെളിയിച്ചു . മാർപാപ്പ പറഞ്ഞത് ഇന്നത്തെ ലോകത്തെ മൂലധന വാഴ്ചയുടെ കെടുതിയെപ്പറ്റിയാണ്. ഇന്നോളം ഒരു മാർപാപ്പയും പറയാത്ത വ്യക്തതയോടുകൂടി അദ്ദേഹം പറഞ്ഞു. മൂലധനം എല്ലാവരോടും വിശ്വാസവഞ്ചന കാണിക്കുന്നു. നീതിബോധമുള്ള എല്ലാവരും മാർപാപ്പയെ സ്നേഹിക്കും. ആ സ്നേഹം കമ്മ്യൂണിസ്റ്റുകാർക്കും ഉണ്ട്.

ഒ ആർ കേളു

സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും വക്താവായിരുന്നപ്പോഴും മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയും അനീതികൾക്കെതിരായും മാർപാപ്പ നിരന്തരം ശബ്ദമുയർത്തിയിരുന്നു. ക്രിസ്തുവിൻ്റെ പാതകളെ പൂർണ്ണമായും പിന്തുടർന്ന് നിസ്വരായ മനുഷ്യർക്കൊപ്പം നിലയുറപ്പിച്ച പ്രിയപ്പെട്ട ഫ്രാൻസീസ് മാർപാപ്പയുടെ മരണം വളരെ വേദനാജനകമാണ്. വിശുദ്ധ വാരാചരണ സന്ദേശത്തിൽ പോലും ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ദുരിതബാധിതരെ സഹായിക്കണമെന്ന് മാർപാപ്പ അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹം ഉയർത്തിപ്പിടിച്ച സാക്ഷ്യങ്ങളിലൂടെയും മുല്യങ്ങളിലൂടെയും കാലവും ലോകവും ഫ്രാൻസീസ് മാർപാപ്പയെ എന്നും അനുസ്മരിക്കുമെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു. ആഗോള കത്തോലിക്ക സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

വീണാ ജോര്‍ജ്

വിനയം കൊണ്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ട മനുഷ്യരോടുമുള്ള സഹാനുഭൂതി കൊണ്ടും സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ജനഹൃദയങ്ങളില്‍ സവിശേഷമായ ഇടം നേടിയ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മോട് വിട വാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ലോകത്തിന് ഉണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്. ലാളിത്യത്തിന്റേയും എളിമയുടേയും മഹനീയ മാതൃക കൂടിയാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവ് കൂടിയായിരുന്നു. ഭീകരതയും അഭയാര്‍ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടി

മാർപ്പാപ്പയുടെ വിയോഗം സമൂഹത്തിന് വലിയ നഷ്ടം. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കും വേണ്ടി നിരന്തരം സംസാരിച്ചിരുന്നയാളാണ് അദ്ദേഹം. യുദ്ധത്തിന് എതിരെ നിരന്തരം ശബ്‌ദിച്ചു. മൂല്യങ്ങൾക്ക് വില കല്പിക്കണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് സന്ദർശനം നടത്തിയപ്പോൾ പറഞ്ഞു. മനുഷ്യത്തത്തിനും സമത്വതിനും വേണ്ടി ലോകത്തോട് സംസാരിക്കുന്ന മഹാനാണ് അദ്ദേഹം. വിയോഗം വലിയ നഷ്ടം. 

വി.എന്‍. വാസവൻ


സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന അദ്ദേഹം അഭയാര്‍ഥി പ്രശ്നം മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

കാര്യങ്ങളെ യുക്തിസഹമായും വസ്തുനിഷ്ഠമായും മനസ്സിലാക്കിയിരുന്ന അദ്ദേഹത്തിന്റെ ജീവിത പ്രമാണം മിതത്വവും എളിമയുമായിരുന്നു. ലോകരാഷ്ട്രീയത്തിലും അദ്ദേഹം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിരുന്നു.

അഭയാര്‍ഥികളോടു മുഖം തിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു. സഭാഭരണത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിലും, ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പയുടെ നിലപാടുകള്‍ക്ക് ലോകം എപ്പോഴും കാതോര്‍ത്തിരുന്നു. പുതിയകാലത്തെ ഉള്‍ക്കൊള്ളാനുള്ള തുറന്ന മനസും, നിലപാടുകള്‍ പരസ്യമായി പറയാനുള്ള ഹൃദയവിശാലതയുമാണ് മാര്‍പാപ്പയെ ജനകീയനാക്കിയത്.

വിശ്വാസി സമൂഹത്തിനപ്പുറം ലോക ജനതയുടെ മനസ് കീഴടക്കിയ വ്യക്തിത്വമാണ് ഓര്‍മ്മയായിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ വേദനയില്‍ പങ്കാളിയാവുന്നു, എളിമയുടെയും ലാളിത്യത്തിന്റെയും മാതൃക തീര്‍ത്ത മഹാഇടയന്, വിശ്വമാനവികതയുടെ ദൂതുമായി ലോകസമാധാനത്തിനു വേണ്ടി നിലം നിലകൊണ്ട ഇടയശ്രേഷ്ഠന് ഒരിക്കല്‍ കൂടി പ്രണാമം അര്‍പ്പിക്കുന്നു.

എ.എൻ. ഷംസീർ

ലോക ജനതയ്ക്ക് ഒന്നാകെയും ക്രൈസ്തവർക്ക് പ്രത്യേകിച്ചും, മാറ്റത്തിന്റെ പാപ്പയായിരുന്ന ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. ലാളിത്യം, വിനയം, ദരിദ്രരോടുള്ള അനുകമ്പ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രോത്സാഹനവും പ്രത്യാശയും നൽകിയ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

എം.എം. ഹസന്‍

മാനവീകതയുടെ മഹനീയ മാതൃകയാണ് വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പ. മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ മാര്‍പ്പാപ്പ പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ലോകനേതാവാണ്.ഗാസയിലെ യുദ്ധത്തിനെതിരായി ശബ്ദിക്കുകയും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത മാര്‍പ്പാപ്പ സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നു വിടവാങ്ങിയ മാര്‍പ്പാപ്പയോടുള്ള ആദര സൂചകമായി യുഡിഎഫ് മൂന്ന് ദിവസത്തെ ദുഖാചരണം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍എംഎം ഹസന്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

കെ. സുധാകരന്‍

എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടിരുന്ന ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സമാധാനത്തിന്റെ സന്ദേശ വാഹകനായിരുന്ന മാര്‍പാപ്പ.ഭീകരതയും അഭയാര്‍ത്ഥി പ്രശ്‌നവും മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹം നിലപാടുകള്‍ തുറന്നു പറഞ്ഞിരുന്നു.വ്യക്തി ജീവിതവും വൈദിക ജീവിതവും മനുഷ്യനന്മക്കായി മാത്രം ഉഴിഞ്ഞുവെച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ലോകത്തിന് വലിയ നഷ്ടമാണ്. ലോകത്തിന് മുഴുവന്‍ വഴികാട്ടിയും വെളിച്ചവുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മാര്‍പാപ്പയോടുള്ള ആദരസൂചകമായി കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തും. 23ന് ചേരാനിരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവെച്ചതായും കെ.സുധാകരന്‍ അറിയിച്ചു.

കെ.സി.വേണുഗോപാല്‍

ഇന്നലെ ഉയിര്‍പ്പ് ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തടിച്ചുകൂടിയ വിശ്വാസികളുടെ കാതുകളിലേക്ക് യുദ്ധവെറിക്കെതിരെ വിശ്വമാനവികതയുടെ സന്ദേശം നല്‍കുമ്പോള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു, ഇനിയും ഈ ലോകത്തിന് വഴികാട്ടാന്‍ അങ്ങുണ്ടാകുമെന്ന്. ഒടുവില്‍ ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിപ്പോകുന്നത്, ആദരിക്കപ്പെടേണ്ടതും അനുകരിക്കപ്പെടേണ്ടതുമായ വിശുദ്ധ ജീവിതം കൂടിയാണ്.

ഭീകരതയ്ക്കും യുദ്ധങ്ങള്‍ക്കുമെതിരെ നിലപാടെടുത്തും അഭയാര്‍ത്ഥികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊണ്ടും ഈ ലോകത്തിന് നേര്‍വഴി കാണിച്ചുനല്‍കിയ വലിയ ഇടയന്റെ ജീവിതം ഇവിടെ വഴികാട്ടിയായി ബാക്കിനില്‍ക്കും. ഹൃദയം മുറിക്കുന്ന വാളാകാന്‍ മാത്രമല്ല, മുറിവുണക്കുന്ന മരുന്നാകാനും വാക്കുകള്‍ക്ക് കഴിയുമെന്ന സന്ദേശം അവസാന നിമിഷങ്ങളില്‍പ്പോലും പകര്‍ന്നുനല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കയാത്ര. ലോകം പഠിക്കട്ടെ, അങ്ങെനെ ദൈവാംശത്തില്‍ നിന്നെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

SCROLL FOR NEXT