ഷൂക്കൂർ വധക്കേസിൽ വിടുതൽ ഹർജി തള്ളിയതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. ഗൂഢാലോചന കേസുകൾ കാണിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയപ്പെടുത്താമെന്ന് കരുതേണ്ട എന്ന് പി. ജയരാജൻ പറഞ്ഞു. കള്ളക്കേസുകളും ജയിലറകളും കമ്മ്യൂണിസ്റ്റുകാർക്ക് പുത്തരിയല്ല. പാർട്ടിയെ ഭയപ്പെടുത്താമെന്ന് കരുതേണ്ട എന്നും പി. ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജയരാജന്റെ വിടുതൽ ഹർജി കോടതി തള്ളിയത്. ഷുക്കൂർ കേസിലെ ഗൂഢാലോചന കുറ്റം ചുമത്തിയത് കള്ളക്കേസാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
അതേസമയം ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി. വി. രാജേഷിനുമെതിരായ സിബിഐയുടെ ഗൂഡാലോചന കുറ്റം നിലനിൽക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ പറഞ്ഞു. ഇരുവരെയും കള്ളക്കേസിൽ കുടുക്കിയതാണ്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ ബിജെപിയിലാണ്. കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും എം. വി. ജയരാജൻ പറഞ്ഞു. റിട്ട. ഡിവൈഎസ്പി പി. സുകുമാരനാണ് അരിയില്‍ ഷുക്കൂര്‍, ഫസല്‍ കൊലക്കേസ് എന്നിവ അനേഷിച്ചത്. ബിജെപിയിൽ ചേർന്ന സുകുമാരനെതിരെ കഴിഞ്ഞ ദിവസവും എം. വി. ജയരാജൻ വിമർശനം ഉന്നയിച്ചിരുന്നു.
ALSO READ: ഷുക്കൂർ വധക്കേസ്; പി. ജയരാജനേയും ടി. വി. രാജേഷിനേയും കള്ളക്കേസിൽ കുടുക്കി; എം. വി. ജയരാജൻ
സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിയെനാണു എം. വി. ജയരാജൻ പരിഹസിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരൻ എന്നും, കേസ് തെളിയിക്കാനാവാതെ വരുമ്പോഴാണ് കുറ്റാരോപിതരുടെ മേല്‍ ഇയാള്‍ മൂന്നാംമുറ പ്രയോഗിക്കുന്നതെന്നും ജയരാജൻ പറഞ്ഞിരുന്നു. രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച സുകുമാരൻ സര്‍വീസിലിരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്തവിധേയനായിരുന്നുവെന്നും ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.