ശത്രുക്കളുടെ കയ്യിലെ കോടാലിക്കൈ ആണ് പി.വി. അൻവറെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ച് ഓടിളക്കി വന്ന ആളല്ല. കോഴിക്കോടിൻ്റെ തെരുവീഥികളിൽ മർദനമേറ്റുവാങ്ങി കടന്നുവന്ന ആളാണ് റിയാസ്. ഇടതു സർക്കാരിനെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തെ ജനം എതിർക്കുമെന്നും പി. മോഹനൻ പറഞ്ഞു.
അൻവർ സിപിഎമ്മിൻ്റെ എബിസിഡി അറിയാത്ത ആളാണ്. കേരള രാഷ്ട്രീയത്തിൻ്റെ ഗ്യാലറിയിൽ മാത്രം ഇരിക്കുന്നയാൾ. സിപിഎമ്മിൻ്റെ വക്താവായി ആരും അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ല. ഇടതുസർക്കാരിനെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താനുള്ള നീക്കത്തെ ജനം എതിർക്കും. ആരാധനാലയത്തിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് പോലെ സിപിഎം ജനമനസിനകത്ത് നിലനിൽക്കുകയാണ്.ശത്രുക്കളുടെ കയ്യിലെ കോടാലിക്കൈ ആണ് അൻവർ- പി. മോഹനൻ പറഞ്ഞു.
READ MORE: 'വിരട്ടലും വിലപേശലും പാർട്ടിയോട് വേണ്ട'; അൻവറിൻ്റെ വീടിനു മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം
മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നത് നേതൃത്വത്തെ തകര്‍ക്കാന്‍ എന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ച് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും അൻവറിനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിയിലുള്ളവർ മാത്രമല്ല പാർട്ടിക്കു പുറത്തുള്ളവരും പാർട്ടിക്ക് പരാതി അയക്കാറുണ്ട്. എല്ലാ പരാതികളോടും നീതിപൂർവ്വമായ സമീപമാണ് പാർട്ടി എക്കാലത്തും സ്വീകരിക്കാറുള്ളത്. എന്നാൽ പാർട്ടി നിലപാടറിയുന്നതിനു മുമ്പായി അൻവർ നടത്തിയ കടന്നാക്രമണം ഏതോ കേന്ദ്രങ്ങളിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് അദ്ദേഹം പറഞ്ഞു.