പി ശശിക്കെതിരെയുള്ള ആരോപണത്തിൽ പാർട്ടി സെക്രട്ടറി എല്ലാം വിശദീകരിച്ചിട്ടുണ്ടെന്ന് പി രാജീവ്. പാർട്ടിക്ക് മുന്നിൽ എത്തുന്ന പരാതികൾ എല്ലാം പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. സിദ്ദീഖ് വിഷയത്തിൽ സർക്കാരിൻ്റെ നിലപാട് ശക്തമാണെന്നും, അതുകൊണ്ടാണ് ശക്തരായ അഭിഭാഷകരെയാണ് സർക്കാർ നിയോഗിച്ചതെന്നും രാജീവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പി. ശശിക്കെതിരായ പരാതി പി.വി.അൻവർ പുറത്തു വിട്ടത്. സ്വർണക്കടത്തിന്റെ പങ്ക് പി. ശശി പറ്റുന്നു. പി. ശശി സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തിൽ ഇടപെടുന്നുവെന്നും പി.വി. അൻവറിൻ്റെ പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് അൻവർ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.
ALSO READ: എൻ്റെ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടേണ്ടത് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും മാത്രം: പി. ശശി
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ടിവി രാഷ്ട്രീയ ചർച്ചയിൽ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ കുറിച്ച് ഒരു പരാതിയും നൽകിയിട്ടില്ല എന്ന് ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സിപിഐഎം പ്രതിനിധി അഡ്വ: അനിൽ കുമാർ നടത്തിയ പ്രസ്താവന പൊതുസമൂഹത്തിനിടയിൽ തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു പി.വി. അൻവർ പരാതി പുറത്തുവിട്ടത്.
തൽക്കാലം പരാതി പുറത്തുവിടണ്ട എന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ സത്യാവസ്ഥ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ നിർബന്ധിതനായിരിക്കുകയാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. അതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് പി.ശശി ഒഴിഞ്ഞുമാറി. പാർട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്ന് ഒറ്റ വാചകത്തിൽ പി.ശശി മറുപടി നൽകി.