പാർലമെൻ്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ വിമർശിച്ച് സന്തോഷ് കുമാർ എംപി. കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഉപദ്രവകാരിയെന്നാണ് സന്തോഷ് കുമാർ പരാമർശിച്ചത്. വയനാട് പുനരധിവാസത്തിൽ കേന്ദ്രസർക്കാർ അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു സന്തോഷ് കുമാറിൻ്റെ വിമർശനം. ദുരന്തമുണ്ടായപ്പോൾ കേരള മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നുവെന്ന് ജോർജ് കുര്യൻ തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം താനാണ് ആദ്യം ദുരന്തസ്ഥലത്ത് എത്തിയതെന്നും മന്ത്രി അവകാശവാദം ഉന്നയിച്ചു. എന്നാൽ മന്ത്രി പറഞ്ഞ ദുരന്തദിവസം പോലും തെറ്റെന്ന് പറഞ്ഞ് പ്രതിപക്ഷ ബഹളം വച്ചു.
കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ സംസ്ഥാന സർക്കാരിൻ്റെ വിമർശനത്തെ പരിഹസിച്ച കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ വാദങ്ങൾ കുറച്ചുദിവസങ്ങളിലായി ചർച്ചാ വിഷയമായി മാറിയിരുന്നു. "കേരളം പിന്നോക്കം ആണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ പരിഗണിക്കാമെന്നും റോഡില്ല, വിദ്യാഭ്യാസമില്ല, എന്നു പറഞ്ഞാൽ പദ്ധതികൾ നൽകാം" എന്നായിരുന്നു ബജറ്റ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
അതേസമയം കേരളവിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ രംഗത്തെത്തിയിരുന്നു. പിന്നാക്കാമെന്ന് പ്രഖ്യാപിക്കാനല്ല കൂടുതൽ ആനുകൂല്യത്തിനായി സമീപിക്കണമെന്നാണ് ഉദ്ദേശിച്ചത്.കേരളം ശരിയായ രീതിയിൽ കേന്ദ്രത്തെ സമീപിച്ചാൽ പിന്തുണയ്ക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. "ജോർജ്ജ് കുര്യൻ്റേത് വികട ന്യായമാണ്. അതിനോട് പരിതപിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. വിചിത്രമായ വാദമാണ് ജോർജ് കുര്യൻ ഉന്നയിക്കുന്നത്", എന്നായിരുന്നു കേന്ദ്ര മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ജോർജ് കുര്യനും ആർഎസ്എസും ബിജെപിയുമെല്ലാം കേരളത്തിനെതിരാണെന്നും അവരുടെ ലക്ഷ്യം കേരളമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം.അതുകൊണ്ടാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് അവർ പറയുന്നത്.സാമ്പത്തിക പ്രതിരോധവും ആശയ പ്രതിരോധവും സൃഷ്ടിക്കുന്നത് അതിന് വേണ്ടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.കേരളത്തിൽ ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ്. അത് കൂടുതൽ വേഗത്തിലാക്കാനാണ് ജോർജ് കുര്യന്റെ ശ്രമമെന്നുമാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞത്.