NEWSROOM

'മൂവര്‍ സംഘം'; വി.ഡി. സതീശനും രാഹുലിനും ഷാഫിക്കുമെതിരെ സരിന്റെ ആരോപണങ്ങള്‍

സംഘടന സംവിധാനം ദുര്‍ബലമാക്കിയത് വി.ഡി സതീശനാണെന്നും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌തെന്നും സരിൻ

Author : ന്യൂസ് ഡെസ്ക്

ഇടതുപാളയത്തില്‍ ചേക്കേറി പി. സരിന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കുറിച്ചായിരിക്കും. ഗുരുതരമായ ആരോപണങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളുമാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിങ്ങിന്റെ ചുമതലയുണ്ടായിരുന്ന സരിന്‍ ഉന്നയിച്ചത്.

സരിന്‍ എന്ന വ്യക്തിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വിഷയം ഒതുക്കരുതെന്നും തന്റെ തുറന്നു പറച്ചിലിലൂടെ പാര്‍ട്ടിയിലെ ജീര്‍ണതയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നുമാണ് സരിന്‍ പറഞ്ഞത്. സംഘടന സംവിധാനം ദുര്‍ബലമാക്കിയത് വി.ഡി സതീശനാണെന്നും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. പരാതികള്‍ ഉയര്‍ത്താന്‍ പാര്‍ട്ടി ഫോറങ്ങളില്ല, തോന്നുന്ന പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് അധികം പ്രതീക്ഷ വേണ്ടെന്നു കൂടി സരിന്‍ പറഞ്ഞു.

സതീശന്‍ പാര്‍ട്ടിയെ അടിമ-ഉടമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും കൊണ്ടു വന്നു. താനാണ് പാര്‍ട്ടി എന്ന രീതിയിലേക്ക് എത്തിച്ച് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തകര്‍ത്തു. പാര്‍ട്ടിയെ ഈ ഗതിയിലാക്കിയത് സതീശനാണ്. ഇങ്ങനെ പോയാല്‍ 2026 ല്‍ പച്ച തൊടില്ലെന്ന് കൂടി സരിന്‍ പറഞ്ഞു. 

അല്‍പം കൂടി കടന്ന്, പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ എത്തിയത് അട്ടിമറിയിലൂടെയാണെന്നും സരിന്‍ ആരോപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായുള്ള സതീശന്റെ സ്ഥാനാരോഹണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാണ് സരിന്റെ ആരോപണം.

സതീശന്റേത് മൃദൃഹിന്ദുത്വ സമീപനമാണെന്നും സിപിഎം വിരുദ്ധതയാണെന്നുമാണ് സരിന്‍ ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളും പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ചു.

ഏക സിവില്‍ കോഡ് സമരത്തില്‍ ഭരണപക്ഷത്തോടൊപ്പം ഒന്നിച്ചുള്ള സമരത്തെ വി.ഡി. സതീശന്‍ എതിര്‍ത്തു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് ആദ്യം സമരം ചെയ്തത്. പിന്നീട്, പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ഭരണപക്ഷത്തിന് കൂടെ ചേര്‍ന്ന് സമരത്തിന് പോയിട്ടില്ല. ബിജെപി അത്ര അപകടമല്ലെന്ന് സതീശന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ബിജെപിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്. വടകര സീറ്റില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്റെ ഗുണം ബിജെപിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി. എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിങ്ങനെ മൂവര്‍ സംഘമാണ് കോണ്‍ഗ്രസിലുള്ളത്.  ക്വട്ടേഷന്‍ സംഘം പോലെയാണ് കോക്കസ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നല്ല സുഹൃത്താണെങ്കിലും, വളര്‍ന്നു വരുന്ന കുട്ടി വി.ഡി. സതീശനാണ്. മണിയടി രാഷ്ട്രീയത്തിന്റെ വക്താവാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിപാടികള്‍ ഇവന്റ് ലോഞ്ച് ആക്കി മാറ്റിയിരിക്കുകയാണ്. ഷോ ഓഫുകാരെ പാലക്കാട് സഹിക്കില്ല. കോൺഗ്രസിനെ നശിപ്പിക്കുന്ന കോക്കസ് പാലക്കാടും വളരുന്നു.

രാഹുലിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാന്‍ ക്ഷണിച്ചത് ഷാഫിയാണ്. പാര്‍ട്ടിയാണ് എല്ലാം എന്ന ഷാഫിയുടെ പ്രസ്താവന കാപട്യമാണ്. അത് ഇനിയും അണിയരുത്. പറഞ്ഞു പറ്റിക്കുന്നതിന് പരിധിയുണ്ട്. ഷാഫി പറമ്പില്‍ ഇടയ്‌ക്കൊക്കെ വടകരയില്‍ പോകണമെന്നും സരിന്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അടിയില്‍ വരുന്ന കമന്റിന് ലൈക്ക് ഇടുന്നതിനു പകരം അവിടുത്തെ പ്രശ്‌നങ്ങളില്‍ ഇടപെടണം. വടകരയിലെ ഒരു വോട്ടര്‍ ഷാഫിയെ വിളിച്ച അനുഭവം സംബന്ധിച്ച ഓഡിയോയും സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

SCROLL FOR NEXT