കടുത്ത സിപിഎം വിമർശനം ഉന്നയിച്ച പി.സരിൻ എൽഡിഎഫ് സ്ഥാനാർഥിയായി രംഗത്ത് എത്തുമ്പോൾ പാലക്കാട്ടെ അണികൾ സ്വീകരിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. മുതിർന്ന സിപിഎം നേതാക്കൾ സ്ഥാനാർഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തി. സഖാവ് കുഞ്ഞാലിയുടെ ചോരയുടെ ചൂടാറും മുമ്പ് ആര്യാടൻ മുഹമ്മദിനെ സ്ഥാനാർഥി ആക്കിയില്ലേ എന്നാണ് എ.കെ.ബാലൻ്റെ ചോദിച്ചത്.
ജില്ലാ കമ്മറ്റി അംഗം നിധിൻ കണിച്ചേരി സരിൻ്റെ വസതിയിൽ നേരിട്ട് എത്തിയാണ് സിപിഎമ്മിന്റെ തീരുമാനം അറിയിച്ചത്. എന്നാൽ പാർട്ടിയുടെ അണികൾ സരിനെ സ്വീകരിക്കുമോ ഇല്ലെയോയെന്ന ആകാംക്ഷ പാർട്ടി കേന്ദ്രങ്ങളിൽ തന്നെയുണ്ട്. യുഡിഎഫിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുക എന്നതാണ് സരിനെ തീരുമാനിച്ചതിലൂടെ സിപിഎം ആഗ്രഹിക്കുന്നത്.
സരിൻ്റെ സ്ഥാനാർഥിത്വത്തെ രാഷ്ട്രീയ ചരിത്രം ഉയർത്തി പ്രതിരോധിക്കാനാണ് മുതിർന്ന സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. അതുകൊണ്ടാണ് മലപ്പുറത്തെ സഖാവ് കുഞ്ഞാലിയുടെ ചോരയുടെ ചൂടാറും മുമ്പ് ആര്യാടനെ സ്ഥാനാർഥി ആക്കിയില്ലേ എന്ന കടുത്ത വാക്കുകൾ എ.കെ.ബാലൻ ഉപയോഗിച്ചത്. അതേസമയം, പാർട്ടി അംഗം പോലും അല്ലാത്ത എ.സുരേഷിന് മറുപടിയില്ല എന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഒഴിഞ്ഞുമാറി. സ്വതന്ത്രരെ നിർത്തിയുള്ള എൽഡിഎഫ് പരീക്ഷണം പാളുമെന്ന മുന്നറിയിപ്പും നേതാക്കൾ തള്ളിക്കളഞ്ഞു.
ബിജെപിക്ക് ചായ്‌വുള്ള മണ്ഡലത്തിൽ ഇത്തവണ ഏത് പാർട്ടി വാഴും എന്ന ഉറ്റുനോക്കുകയാണ് കേരളം.