NEWSROOM

'പാർട്ടി സ്വതന്ത്രൻ പാർട്ടിയായി'; സരിനെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചുള്ളൂ എങ്കില്‍ കൂടി വോട്ട് ശതമാനം കൂട്ടാന്‍ സരിന് കഴിഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

കോൺഗ്രസിൽ നിന്ന് പുറത്തുവന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച പി. സരിനെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും നിർണായക തീരുമാനമുണ്ടാകുക.

ഇന്ന് രാവിലെ സരിന്‍ എകെജി സെൻ്ററിൽ എത്തി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്. 'പാർട്ടി സ്വതന്ത്രൻ പാർട്ടിയായി' എന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം. സരിനെ പാർട്ടിയുടെ ഏത് ഘടകത്തിൽ എടുക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നാണ് വിവരം.

സിപിഎമ്മില്‍ ചേർന്ന് പ്രവർത്തിക്കണമെന്നും അതിനായി ഘടകം നിശ്ചയിച്ച് തരണമെന്നും സരിന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചർച്ചകള്‍ നടക്കുന്നത്. ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത കൂടുതല്‍. സാധാരണയായി ഒരാള്‍ക്ക് സിപിഎം പാർട്ടി അംഗമാകണമെങ്കില്‍ ഗ്രൂപ്പ് മെമ്പറും കാന്‍ഡിഡേറ്റ് മെമ്പറുമായി വർഷങ്ങള്‍ക്ക് ശേഷം മാത്രമേ സാധിക്കൂ. മറ്റ് പാർട്ടികളില്‍ നിന്നും സിപിഎമ്മിലേക്ക് എത്തുന്നവരുടെ കാര്യത്തില്‍ ഉദാരമായ സമീപനമാണ് അടുത്തിടയായി സിപിഎം സ്വീകരിക്കുന്നത്.

Also Read: "തീർഥാടകരെ ബോധവത്കരിക്കും, അനാചാരം തന്നെ"; തേങ്ങ ഉരുട്ടലും മഞ്ഞൾ വിതറലും നിരോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ വിഭാഗത്തിന്‍റെ മേധാവിയായിരുന്നു സരിന്‍. മാത്രമല്ല, സിവില്‍ സർവീസില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയുമാണ്. പി. സരിന്‍റെ ഇത്തരം വ്യക്തിപരമായ മികവാണ് സിപിഎം പരിഗണിക്കുന്നത്. സരിനെ സംഘടനയ്ക്ക് മുതല്‍ക്കൂട്ടാക്കാക്കി മാറ്റാനാകും എന്നാണ് സിപിഎം വിലയിരുത്തുന്നത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചുള്ളൂ എങ്കില്‍ കൂടി വോട്ട് ശതമാനം കൂട്ടാന്‍ സരിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സരിനെ പാർട്ടിയോട് അടുപ്പിച്ച് നിർത്താനാണ് സിപിഎമ്മിന്‍റെ തീരുമാനം. 

SCROLL FOR NEXT