NEWSROOM

മുഖ്യമന്ത്രിയെ കാണാന്‍ പി. ശശിയും കെ.കെ. രാഗേഷും; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ച

ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് ഉടന്‍ എത്തും.

Author : ന്യൂസ് ഡെസ്ക്



പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലെത്തി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് ഉടന്‍ എത്തും.

എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഇന്ന് നടപടിയുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെയാണ് തിരക്കിട്ട കൂടിക്കാഴ്ച നടക്കുന്നത്. തിങ്കളാഴ്ച സഭ ചേരുന്നതിന് മുമ്പ് എം.ആര്‍. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നീക്കികൊണ്ടുള്ള നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുന്നണിയില്‍ ശക്തമായ ആവശ്യമുന്നയിച്ചത് സിപിഐ ആണ്. ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.

എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആവശ്യം വൈകിക്കാന്‍ പറ്റില്ലെന്നും ഉടന്‍ തീരുമാനം നടപ്പിലാക്കണമെന്നും സിപിഐ ആവശ്യമുന്നയിച്ചിരുന്നു.

എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സ്ഥാനത്ത് നിന്ന് നീക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നുമാണ് പി.വി. അന്‍വര്‍ ഇന്ന് പ്രതികരിച്ചത്. എന്നാല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എഡിജിപിയെ അന്വേഷണവിധേയമായി ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

SCROLL FOR NEXT