വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. തന്റെ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടേണ്ടത് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും മാത്രമാണെന്ന് പി. ശശി പ്രതികരിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇക്കാര്യത്തില്‍ പരസ്യ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
നിയമനടപടികളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും പി. ശശി പറഞ്ഞു. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നായിരുന്നു രാവിലെ ശശി മാധ്യമങ്ങളോട് പറഞ്ഞത്. അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അന്‍വര്‍ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല. മാധ്യമങ്ങള്‍ എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്നും കണ്ണൂരില്‍ കോടിയേരി അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവേ ശശി പറഞ്ഞു.
ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കിയ പരാതി അന്‍വര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ചത്. ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ വിഷയങ്ങളില്‍ പി. ശശിയുടെ ഇടപെടലുകളില്‍ സംശയം ഉന്നയിച്ചും വിമര്‍ശിച്ചുമാണ് പരാതി നല്‍കിയത്.
പ്രാദേശിക നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചാല്‍ തടയും. സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തില്‍ ഇടപെടുന്നുവെന്നും പി.വി. അന്‍വറിന്റെ പരാതിയില്‍ പറയുന്നു.