മുകേഷ് എംഎല്‍എയെ പിന്തുണച്ച് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കേസിൽ പ്രതി ചേർക്കപ്പെട്ടു എന്നതുകൊണ്ട് രാജിവെക്കേണ്ട കാര്യമില്ലെന്നും സതീദേവി പറഞ്ഞു. ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നടനും എംഎല്‍എയുമായ മുകേഷിനെതിരെ രാജി ആവശ്യമുയരുന്ന സാഹചര്യത്തിലാണ് വനിത കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.
Also Read: ആലുവ സ്വദേശിനിയായ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ ഹൈക്കോടതി
അതേസമയം, ദേശീയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് സതീദേവിയുമായി കൂടിക്കാഴ്ച നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നേരിട്ട് തെളിവെടുപ്പ് നടത്താനാണ് ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലെത്തുന്നത്. കമ്മീഷൻ വരുന്ന കാര്യം അറിയിച്ചിരുന്നുവെന്ന് സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: "AMMAയും WCCയും തമ്മിലുള്ള തർക്കത്തിൻ്റെ ഇര"; ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് സിദ്ദീഖിന്‍റെ കത്ത്
കേരളത്തിലേക്ക് വരുന്ന കാര്യം ടെലിഫോണിൽ ബന്ധപ്പെട്ടാണ് അറിയിച്ചത്. ഇന്ന് വൈകിട്ട് എത്തുമെന്നാണ് പറഞ്ഞതെന്നും സതീദേവി അറിയിച്ചു. എന്താണ് സന്ദർശന ലക്ഷ്യം എന്ന കാര്യം വ്യക്തമല്ലെന്നും ഹേമ കമ്മിറ്റിയാണോ സന്ദർശന വിഷയം എന്നറിയില്ലെന്നും സതീദേവി വ്യക്തമാക്കി. സംസ്ഥാന വനിതാ കമ്മീഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അവരോട് വ്യക്തമാക്കുമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.