സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നതായും പി.വി. അൻവർ എംഎൽഎ. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.
പൊലീസിനെതിരെ കൂടുതൽ തെളിവുകളുണ്ട്. ചിലർ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും കോൾ റെക്കോർഡ് പുറത്തുവിടുന്നത് വേറെ മാർഗമില്ലാത്തതിനാൽ ആണെന്നും
പി.വി. അൻവർ വ്യക്തമാക്കി. എഡിജിപി അജിത് കുമാറിനതിരെ പി.വി. അൻവർ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. അജിത് കുമാറിൻ്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിമാണെന്നും പി.വി. അൻവർ പറഞ്ഞു.
സൈബർ സെൽ പ്രവർത്തിക്കുന്നത് ഫോൺ ചോർത്തലിന് വേണ്ടി മാത്രമാണ്. തൻ്റെ ഫോൺ ചോർത്തൽ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. തൻ്റെ ജീവൻ അപകടത്തിലാണ്, എന്നാൽ പാർട്ടിക്കു വേണ്ടി മരിക്കാനും താൻ തയ്യാറാണെന്നും പി.വി. അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കാണുന്നത് പിതാവിനെ പോലെ, അദ്ദേഹത്തിനെതിരെ ആരോപണം ഉയരുന്നത് ഒരു മകനെന്ന നിലയിൽ കേട്ട് നിൽക്കാൻ സാധിക്കില്ല.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പി.വി. അൻവർ ആഞ്ഞടിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പൂർണ പരാജയമാണെന്നും പൊലീസുകാരുടെ രാഷ്ട്രീയം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും മാധ്യമ പ്രവർത്തകരുടേയും ഫോൺ ചോർത്തപ്പെടുന്നുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.
എഡിജിപി അജിത് കുമാർ കൊലപാതകങ്ങൾ ചെയ്യിപ്പിച്ചതായും എഡിജിപിക്കും എസ്‌പി സുജിത് ദാസിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പി.വി. അൻവർ ആരോപിച്ചു. ഡാൻസാഫ് സംഘം പക്കാ ക്രിമിനലുകളാണ്. പൊലീസിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.