NEWSROOM

അൻവർ എന്ന കളയ്ക്ക് സിപിഎമ്മിനെ ഒരു ചുക്കും ചെയ്യാനാവില്ല:വി. ശിവൻകുട്ടി

പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവറെന്നും ശിവൻകുട്ടി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരായി പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അൻവറിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. പി.വി. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണെന്നും തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവറെന്നും വി.ശിവൻകുട്ടി കുറ്റപ്പെടുത്തി.സിപിഎമ്മിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി.വി. അൻവർ.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല.ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ല.പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവറെന്നും ശിവൻകുട്ടി അറിയിച്ചു.

നിലമ്പൂരിലെ പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അൻവർ താമസിയാതെ മനസിലാക്കും.കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ട ഗതികേട് വരും പി വി അൻവറിന് എന്ന കാര്യത്തിൽ തർക്കമില്ല.മുഖ്യമന്ത്രിയെ കരിവാരി തേക്കാനുള്ള ശ്രമം നടത്തുന്ന അൻവർ ആരുടെ അച്ചാരമാണ് വാങ്ങിയത് എന്ന് താമസിയാതെ വ്യക്തമാകുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

SCROLL FOR NEXT