NEWSROOM

മുഖ്യമന്ത്രിയെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു, പൊലീസിലെ പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരും: പി.വി. അന്‍വർ

ഉന്നയിച്ച വിഷയങ്ങള്‍ ചെറിയൊരു ശതമാനം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ്. എന്നാല്‍ ഇത് പൊലീസിന്‍റെ മനോവീര്യം തകർത്തുവെന്ന് ചിലർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അൻവർ ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ പ്രതികരണവുമായി പി.വി. അന്‍വർ എംഎല്‍എ. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും തെറ്റിദ്ധാരണ മാറുമ്പോൾ അദ്ദേഹത്തിൻ്റെ നിലപാടും മാറുമെന്നും അന്‍വർ പറഞ്ഞു.ഉന്നയിച്ച വിഷയങ്ങള്‍ ചെറിയൊരു ശതമാനം പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ്. എന്നാല്‍ ഇത് പൊലീസിന്‍റെ മനോവീര്യം തകർത്തുവെന്ന് ചിലർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അൻവർ ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രി പോയി പൊട്ടക്കിണറ്റില്‍ ചാടട്ടെയെന്നാണ് ഇവരുടെ വിചാരം. ഇന്നത്തെ പത്രസമ്മേളനത്തിലൂടെ അത് ഉറപ്പായി. പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവരും തെറ്റിദ്ധരിപ്പിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകരുന്നത്. സത്യസന്ധമായി പ്രവർത്തിക്കുന്നവരുടെ മനോവീര്യം ഉയർന്നു. രാജ്യത്തിനു തന്നെ മാതൃകയായ പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നും അന്‍വർ പറഞ്ഞു. 

മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരും. മലപ്പുറം മുൻ എസ്‌പി സുജിത് ദാസിൻ്റെ ഫോൺ സംഭാഷണം പുറത്ത് വിട്ടത് ചെറ്റത്തരമെന്ന് താൻ നേരത്തെ പറഞ്ഞതാണ്. നിവൃത്തികേട് കൊണ്ടാണ് പുറത്തുവിട്ടതെന്നും അന്‍വർ പറഞ്ഞു. ഇനിയും തെളിവുകൾ പുറത്തുവിടാനുണ്ട്.പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് ഫോൺ സംഭാഷണം പുറത്തു വിട്ടപ്പോഴാണെന്നും അന്‍വർ കൂട്ടിച്ചേർത്തു.

പി. ശശിക്കെതിരെയുള്ള ആരോപണങ്ങളും പി.വി. അന്‍വർ കടുപ്പിച്ചു. ഇതുവരെ പി. ശശിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചത്. കള്ളക്കടത്ത് സംഘത്തില്‍ നിന്നും ശശി പങ്കു പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അന്‍വർ ആവശ്യപ്പെട്ടു. പി. ശശിയുടെ പ്രവർത്തനങ്ങള്‍ മാതൃകാപരമാണെന്ന മുഖ്യമന്ത്രിയുടെ വിശ്വാസം എനിക്കില്ല. നായനാർ മന്ത്രിസഭയിലെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശശിയെ നീക്കിയതെങ്ങനെയാണ്? അതില്‍ നിന്നും ശശിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും അന്‍വർ പറഞ്ഞു. എട്ട് മാസമായി ശശിയുടെ അടുത്ത് ആവശ്യങ്ങളുമായി പോയിട്ടില്ലെന്നും അന്‍വർ കൂട്ടിച്ചേർത്തു.

പൊലീസിന്‍റെ വയർലെസ് ചോർത്തിയ കേസില്‍ ഷാജന്‍ സ്കറിയക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യം ഒരുക്കിയത് എഡിജിപിയും ശശിയുമാണെന്ന് അന്‍വർ ആരോപിച്ചു. ആ കേസില്‍ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സമാനമായ കേസില്‍ പെടരുതെന്ന കോടതി ഉത്തരവ് ഷാജന്‍ പാലിക്കുന്നില്ല. എന്നിട്ടും നടപടിയില്ലെന്നും അന്‍വർ പറഞ്ഞു. ഷാജന്‍ സ്കറിയയെ പോലൊരു സാമൂഹിക വിരുദ്ധനെ സഹായിക്കുന്നെങ്കില്‍ അവരെത്ര സാമൂഹിക വിരുദ്ധരായിരിക്കുമെന്നും അന്‍വർ അക്ഷേപം ഉന്നയിച്ചു.

പി. ശശിക്കെതിരെ പരാതിയുമായി കണ്ണൂരില്‍ നിന്നും രക്തസാക്ഷികളുടെ അമ്മമാരും സഖാക്കളും സമീപിച്ചെന്നും അന്‍വർ പറഞ്ഞു.സിപിഎമ്മിന്‍റെ രാഷ്ട്രീയ രീതിയിലല്ല അന്‍വർ കാര്യങ്ങള്‍ ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വർ ശരിവെച്ചു. കൊടിയേരി ബാലകൃഷ്ണൻ്റെ കാലത്ത് തന്നെ അഭിപ്രായങ്ങള്‍ കാട്ടി പാർട്ടി സെക്രട്ടറിക്കും പൊളിറ്റിക്കൽ‍ സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്. ആ പരാതികള്‍ തന്നെ ബൈന്‍ഡ് ചെയ്യാന്‍ മാത്രമുണ്ട്. മറുപടിക്കായി എത്ര വേണമെങ്കിലും കാത്തിരുക്കുമെന്നും അന്‍വർ പറഞ്ഞു. ക്ഷമിക്കുന്നവർക്കാണ് വിജയമെന്ന ബൈബിള്‍ വാക്യവും അന്‍വർ ഉദ്ധരിച്ചു. അൻവറിന് കോൺഗ്രസ് പാരമ്പര്യമെന്ന മുഖ്യമന്ത്രിയുടെ പരമാർശത്തോടും എംഎൽഎ പ്രതികരിച്ചു. ഞാന്‍ പഴയ കോണ്‍ഗ്രസ് ആയിരുന്നു. ഇഎംഎസ് ആരായിരുന്നു? അദ്ദേഹം കെപിസിസി പ്രസിഡന്‍റായിരുന്നു എന്നും പി.വി. അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

താൻ പാർട്ടിയുടെ ചട്ടക്കൂടിനകത്ത് നിന്നല്ല പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ശശിയെപ്പറ്റി പറഞ്ഞില്ലെന്നതും സത്യമാണ്. അതില്‍ തെറ്റിദ്ധാരണ വന്നപ്പോഴാണ് കത്ത് പുറത്തുവിട്ടത്.വിവാദങ്ങള്‍ ഉയർന്നപ്പോള്‍ അന്‍വർ ഒരു ലോബിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന എഡിജിപിയുടെ ആദ്യ പ്രതികരണമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലും ആവർത്തിച്ചതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

ചിലരെല്ലാം ചേർന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യമന്ത്രിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതെന്നും അന്‍വർ ആരോപിച്ചു. ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ലെന്നും അന്‍വർ കൂട്ടിച്ചേർത്തു. എസ്‌പി ഓഫീസിലെ മരം മുറിക്കേസില്‍ വിജിലന്‍സിന്‍റെ അന്വേഷണം സത്യസന്ധമാണെന്ന അഭിപ്രായം ഇപ്പോഴില്ലെന്നും അന്‍വർ മാധ്യമങ്ങളോട് പറഞ്ഞു.

SCROLL FOR NEXT