NEWSROOM

പി. വിജയന്‍ പുതിയ ഇൻ്റലിജൻസ് എഡിജിപി

മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയ സാഹചര്യത്തിലാണ് നിയമനം

Author : ന്യൂസ് ഡെസ്ക്

പി. വിജയന്‍ ഐപിഎസ് പുതിയ ഇൻ്റലിജൻസ് എഡിജിപി. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയ സാഹചര്യത്തിലാണ് നിയമനം. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ടില്‍ സസ്പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥനാണ് വിജയന്‍. എ. അക്ബറിനാണ് പൊലീസ് ട്രെയിനിങ് കോളേജിന്‍റെ ചുമതല.

മനോജ് എബ്രഹാമിന് പകരക്കാരനായി ഇൻ്റലിജൻസിൽ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. അടിത്തട്ടിൽ ബന്ധമുള്ള മലയാളി വേണമെന്നാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യം എന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. വിജയന്‍ ഇന്‍റലിജന്‍സ് എഡിജിപി ആകുന്നത് ഈ സൂചനകള്‍ ശരിവെക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ചയും പി.വി. അന്‍വർ ഉന്നയിച്ച ആരോപണങ്ങളുമാണ് എഡിജിപി എം.ആർ. ആജിത് കുമാറിന്‍റെ സ്ഥാനമാറ്റത്തിനു കാരണമായത്. സായുധ പൊലീസ് ബറ്റാലിയനിലേക്കാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പൊലീസ് തലപ്പത്ത് സമഗ്രമായ മാറ്റത്തിനു കാരണമായത് സർക്കാരിനു മേലുള്ള സിപിഐയുടെ സമ്മർദമായിരുന്നു. എഡിജിപിയെ മാറ്റിയില്ലെങ്കില്‍ നിയമസഭയില്‍ സിപിഐയുടെ നിലപാട് വ്യക്തമാക്കേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം എം.വി. ഗോവിന്ദനെ അറിയിച്ചിരുന്നു.

SCROLL FOR NEXT