മൂന്നാറിൽ വീണ്ടും വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ ആക്രമണം. റോഡിന് നടുവിലേക്കിറങ്ങിയ കൊമ്പൻ ഇത്തവണ ഗ്യാസ് ലോറിയാണ് തകർത്തത്. നെറ്റികുടി റോഡിലാണ് കാട്ടു കൊമ്പൻ വാഹനം ആക്രമിച്ചത്. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിനു സമീപത്താണ് ഗ്യാസ് ലോറി തകർത്തത്. പടയപ്പ മദപ്പാടിലാണെന്ന് വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരിയെ പടയപ്പ എടുത്തെറിഞ്ഞിരുന്നു. ആക്രമണത്തിൽ ഇടുപ്പെല്ല് പൊട്ടിയ ഡിൽജ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുചക്ര വാഹനത്തിൽ ഡിൽജിയും മകൻ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് പടയപ്പയുടെ ആക്രമണം. വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ആന ആക്രമിച്ചത്.
ഇതിന് പുറമെ ഫെബ്രുവരി ആദ്യവാരം മൂന്നാര്‍ രാജമല എട്ടാം മൈലിൽ നിർത്തിയിട്ടിരുന്ന സിനിമാ ചിത്രീകരണത്തിനെത്തിയ ടെമ്പോ ട്രാവലറും തകര്‍ത്തിരുന്നു. ടെമ്പോ ട്രാവലര്‍ കുത്തി മറിക്കാനാണ് ആന ശ്രമിച്ചത്. ഈ സമയം വാഹനത്തില്‍ ആറോളം പേർ ഉണ്ടായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.